Crime
നിയമസഭയിലെ കയ്യാങ്കളി: നാല് ഇടതു നേതാക്കൾ ജാമ്യമെടുത്തു

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ നാല് ഇടതു നേതാക്കള്‍ ജാമ്യമെടുത്തു. കെ അജിത്, സി കെ സദാശിവന്‍, വി ശിവന്‍കുട്ടി. കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഓരോരുത്തര്‍ക്കും 35,000 രൂപയുടെ ജാമ്യമാണ് നല്‍കിയത്. മന്ത്രിമാരായ കെ ടി ജലീലും ഇ പി ജയരാജനും ജാമ്യം എടുത്തിട്ടില്ല. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി സി ജെ എം കോടതി തള്ളിയിരുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ വേണ്ടി പ്രതിപക്ഷം സഭയില്‍ നടത്തിയ ശ്രമങ്ങളാണ് ഈ കേസിന് ആസ്പദമായ സംഭവം. സ്പീക്കറുടെ കസേര, എമര്‍ജന്‍സി ലാമ്പ്, 4 മൈക്ക് യൂണിറ്റുകള്‍, സ്റ്റാന്‍ഡ് ബൈ മൈക്ക്, ഡിജിറ്റല്‍ ക്ലോക്ക്, മോണിട്ടര്‍, ഹെഡ്‌ഫോണ്‍ എന്നിവയെല്ലാം അന്നത്തെ കയ്യാങ്കളിക്കിടെ നശിപ്പിച്ചിരുന്നു. അന്ന് രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു എന്നായിരുന്നു പൊലീസ് കുറ്റപത്രം. നിലവില്‍ മന്ത്രിമാരായ കെ ടി ജലീല്‍, ഇ പി ജയരാജന്‍ ഉള്‍പ്പടെ അന്നത്തെ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ കേസില്‍ പ്രതികളാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വി ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ അപേക്ഷയിന്മേലാണ്, സര്‍ക്കാര്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
സര്‍ക്കാരിന്റെ ആവശ്യം കോടതിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തടസവാദം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരി?ഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇതില്‍ ആദ്യം വാദം കേട്ടത്. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് കേസ് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ കോടതി കേസില്‍ വിശദമായ വാദം കേട്ടു. തടസവാദം ഉന്നയിച്ചവരുടെയും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയുടെയും വാദം കേട്ടശേഷമാണ് സിജെഎം കഴിഞ്ഞയിടയ്ക്ക് സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്.