KERALA
കണ്ടെയ്ൻമെന്റ് സോണിൽ മന്ത്രിയുടെ ആൾക്കൂട്ട ഉദ്ഘാടനം പരാതി നൽകുമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണിൽ ആൾക്കൂട്ടത്തോടൊപ്പം പരിപാടിയിൽ പങ്കെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചട്ട ലംഘനം നടത്തിയത് തിരുവനന്തപുരം പാങ്ങപ്പാറ ആശുപത്രിയിലെ ഉദ്ഘാടന പരിപാടിയിലാണ്. ശ്രീകാര്യത്തെ കണ്ടെയ്‌മെന്റ് സോണിലായിരുന്നു സംഭവം നടന്നത്. ഇന്ന് നടന്ന പരിപാടിയിൽ തിരുവനന്തപുരം മേയർ കെ ശ്രീകുമാറും പങ്കെടുത്തു.
കൊവിഡ് സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയുടെ മേൽനോട്ടം വഹിക്കുന്ന മന്ത്രിയാണ് കടകംപള്ളി. ഫാമിലി ഇന്റഗ്രേറ്റഡ് പദ്ധതിയുടെ ഉദ്ഘാടനമാണ് നടന്നത്. പുറത്തുനിന്നുള്ള മറ്റ് ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
എന്നാൽ ഉദ്ഘാടന യോഗത്തിൽ കർശനമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചതായി മേയർ പറഞ്ഞു. നാടമുറിക്കൽ ചടങ്ങിൽ ആശുപത്രിയിലെ ആളുകൾ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഉച്ചയ്ക്ക് 3 മണി മുതൽ 5 മണി വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മന്ത്രിയും മേയറും ആശുപത്രിയിൽ എത്തിയത് മുതൽ നിരോധനാജ്ഞ ലംഘിച്ചു ആൾക്കൂട്ടമുണ്ടായി. സാമൂഹ്യ അകലമടക്കമുള്ള കാര്യങ്ങൾ പാലിച്ചിട്ടില്ലെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആശുപത്രിയിലെ ജീവനക്കാർക്കൊപ്പം പുറത്തുനിന്നുള്ള പൊതുപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. കൂടാതെ മെഡിക്കൽ കോളേജ് സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും പരിപാടിയിൽ പങ്കെടുത്തിരുന്നു. കണ്ടെയ്ൻമെന്റ് സോണായ സ്ഥലത്തു നിരോധനാജ്ഞ ലംഘിച്ചതിന് പരാതി കൊടുക്കുമെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറഞ്ഞു.