Crime
അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നു മുതൽ വാഹന പരിശോധന ശക്തമാക്കാന്‍ നിർദ്ദേശം

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നു മുതൽ വാഹന പരിശോധന ശക്തമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നിയമലംഘനം നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കീയിരിക്കുന്നത്.
അന്തര്‍ സംസ്ഥാന വാഹനങ്ങളുൾപ്പടെ പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ പ്രത്യേകം കണ്ടെത്താനാണ് നിർദ്ദേശം. ഹൈക്കോടതിയുടെ ഇടപെടലിന്‍റെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി.
അതേസമയം, കോട്ടയത്ത് വിനോദ യാത്രക്കെത്തിയ 5 ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ വിലക്കിയിരുന്നു. ബസുകളില്‍ എയര്‍ഹോണും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ച നിലയിലും കണ്ടെത്തിതിനെ തുടര്‍ന്നാണ് വിലക്കിയത്.
കോഴിക്കോട് നിയമം ലംഘിച്ച 18 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കേസെടുത്തു. അനധികൃത രൂപമാറ്റം, നിരോധിത ഹോണ്‍, സ്പീഡ് ഗവേര്‍ണര്‍ ഊരിയിട്ടതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. കൊല്ലം കൊട്ടാരക്കരയിലും ബസിനെതിരെ നടപടിയെടുത്തിട്ടുണ്ട്. വിനോദ യാത്രക്ക് സ്പിഡോ മീറ്റര്‍ ഇല്ലാത്ത ബസാണ് എത്തിച്ചത്. ബസില്‍ നിരോധിത ലേസര്‍ ലൈറ്റും വലിയ ശബ്ദ സംവിധാനവും കണ്ടെത്തിയിരുന്നു.