HEALTH
ആദ്യമായി വൈറസ് കണ്ടെത്തിയ ചൈനയിൽ പുതിയ രണ്ട് ഒമിക്രോൺ വകഭേദങ്ങൾ കണ്ടെത്തിയത് ആശങ്കയുയർത്തുന്നു

ബീജിംഗ്: കൊവിഡ് വ്യാപനം കുറയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനിടെ ആദ്യമായി വൈറസ് കണ്ടെത്തിയ ചൈനയിൽ പുതിയ രണ്ട് ഒമിക്രോൺ വകഭേദങ്ങൾ കണ്ടെത്തിയത് ആശങ്കയുയർത്തുന്നു. അതിതീവ്ര വ്യാപനശേഷിയുള്ള ബി എഫ്.7, ബി എ.5.1.7 എന്നിങ്ങനെ പേര് നൽകിയിരിക്കുന്ന വകഭേദങ്ങളാണ് കണ്ടെത്തിയത്.
ചൈനയിലെ നിരവധി പ്രദേശങ്ങളിൽ പുതിയ വൈറസുകളുട സാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ബി എഫ്.7 ഒമിക്രോൺ ബി എ.5ന്റെ സഹവകഭേദമാണ്. ചൈനയിലെ ഷാവോഗാൻ, യാന്റായ് എന്നീ പ്രദേശങ്ങളിലാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ചൈനയ്ക്ക് പുറമേ ജർമ്മനി, ബെൽജിയം, ഫ്രാൻസ്, ഡെൻമാർക്ക്, ഇംഗ്ളണ്ട് എന്നിവിടങ്ങളിലും ബി എഫ്.7 വകഭേദം വ്യാപിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വകഭേദത്തിനെതിരെ ലോകാരോഗ്യസംഘടന നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വ്യാപനശേഷി കൂടിയ പ്രധാന ഒമിക്രോൺ വകഭേദമായി മാറുമെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. ചൈനയിലെ ഗ്വാംഗ്‌ഡോംഗ് പ്രവിശ്യയിലെ ഷാവോഗാൻ നഗരത്തിലാണ് ബി എ.5.1.7 വകഭേഗത്തിന്റെ കേസുകൾ കണ്ടെത്തിയത്.രോഗവ്യാപനത്തെത്തുടർന്ന് ചൈനയിലെ നിരവധി സ്‌കൂളുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. 36 ചൈനീസാ നഗരങ്ങളാണ് നിലവിൽ ലോക്ക്‌ഡൗണിലായിരിക്കുന്നത്.ചൈനയിൽ അഞ്ച് വർഷത്തിലൊരിക്കൽ ചേരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് അടുത്തയാഴ്ചയാണ് ചേരുന്നത്. ഇതിനിടെ രാജ്യത്ത് തീവ്രവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദങ്ങൾ കണ്ടെത്തിയത് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്.