Crime
കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. എം.എല്‍.എ ഒളിവിൽ തന്നെ

തിരുവനന്തപുരം :പീഡനക്കേസില്‍ പ്രതി ചേർക്കപ്പെട്ട പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ നിയമസഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി. എന്നാൽ അറസ്റ്റിന് സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ സ്പീക്കറെ അറിയിച്ചാൽ മതിയെന്നും നിയമസഭാ സെക്രട്ടറി പോലീസിന് നിർദേശം നൽകി.
ചൊവ്വാഴ്ച മുതല്‍ എം.എല്‍.എ ഒളിവിലെന്നാണ് പൊലീസ് വിലയിരുത്തല്‍. എം.എല്‍.എ ഹോസ്റ്റല്‍ ഉള്‍പ്പെടെ എല്‍ദോസ് കുന്നപ്പള്ളി എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമാവും കടുത്ത നടപടിയിലെക്ക് കടക്കുക.
അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും തുടങ്ങി.ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കും.