Crime
സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു

ന്യൂഡൽഹി: മാവോയിസ്റ്റ് കേസില്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. കേസിന്റെ മെരിറ്റ് പരിഗണിക്കാതെയാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് എംആര്‍ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. സായിബാബയെ കുറ്റവിമുക്തനായതിനെതിരെ മഹാരാഷ്ട്രാ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി.
സായിബാബ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതിയുടെ നടപടിയില്‍ പിഴവുണ്ടെന്ന് സുപ്രീംകോടതി. ഹൈക്കോടതി കേസിന്റെ മെറിറ്റിലേയ്ക്ക് കടക്കാതെ കുറുക്കുവഴിയിലൂടെ തീരുമാനമെടുത്തെന്ന് കോടതി നിരീക്ഷിച്ചു.ഇന്നലെ ഹൈക്കോടതി വിധി വന്നതിനു പിന്നാലെ തന്നെ അപ്പീലുമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് വാദം കേട്ടത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട്, വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജിഎന്‍ സായിബാബയെ ബോംബെ ഹൈക്കോടതി ഇന്നലെയാണ് കുറ്റവിമുക്തനാക്കിയത്. ജീവപര്യന്തം തടവിനു ശിക്ഷിച്ച, 2017ലെ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രൊഫ. സായിബാബ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ശാരീരിക വെല്ലുവിളി നേരിടുന്ന സായിബാബ നിലവില്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ്.