Crime
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ വധശ്രമത്തിനും കേസെടുത്തു

തിരുവനന്തപുരം; പീഡനക്കേസില്‍ ഒളിവില്‍ കളിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ വധശ്രമത്തിനും കേസെടുത്തു. പരാതിക്കാരിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. സെപ്റ്റംബര്‍ 14 ന് കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി.
കോവളം ആത്മഹത്യാമുനമ്പില്‍ വെച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ കുന്നപ്പിള്ളി ശ്രമിച്ചെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. കോവളം സൂയിസൈഡ് പോയിന്‍റിൽ എത്തിച്ച് തന്‍റെ പിന്നാലെ എംഎല്‍എ വന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഓടി രക്ഷപ്പെടുകയിരുന്നു എന്നാണ് മൊഴി.
അന്വേഷണ ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നല്‍കിയത്. കഴിഞ്ഞ മാസം 14 നാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് പരാതിക്കാരി പറഞ്ഞത്.
പെരുമ്പാവൂരുള്ള എംഎല്‍എയുടെ വീട്ടില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.വീട്ടില്‍ വെച്ചും എല്‍ദോസ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളില്‍ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോര്‍ട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.