Crime
വൈസ് ചാൻസലർക്ക് അന്ത്യശാസനം നൽകി ഗവർണർ. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചുകൊണ്ട് ഇന്നു തന്നെ ഉത്തരവ് ഇറക്കണം

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർക്ക് അന്ത്യശാസനം നൽകി ഗവർണർ. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചുകൊണ്ട് ഇന്നു തന്നെ ഉത്തരവ് ഇറക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. ഉത്തരവ് ഇറക്കിയശേഷം ഇക്കാര്യം രാജ്ഭവനെ അറിയിക്കണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്.
സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് ചട്ടവിരുദ്ധമാണെന്ന് വിസി അറിയിച്ചിരുന്നു. മാത്രമല്ല,അംഗങ്ങളെ പിൻവലിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസി ഗവർണർക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് സെനറ്റ് അംഗങ്ങളെ പിൻവലിക്കാനുള്ള മുൻതീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഗവർണർ വ്യക്തമാക്കിയത്.
എന്നാൽ, 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ ഉത്തരവിൽ അവ്യക്തതയും നിയമപ്രശ്‌നവും ഉള്ളതിനാൽ നടപ്പാക്കാൻ സാധിക്കില്ലെന്ന് സർവകലാ വൈസ് ചാൻസിലർ ഗവർണർക്ക് കത്തയച്ചിരുന്നു. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഉത്തരവിൽ ഗവർണർക്കുപകരം അദ്ദേഹത്തിന്‍റെ സെക്രട്ടറിയാണ ഒപ്പുവച്ചിരിക്കുന്നത് അത് ചട്ടവിരുദ്ധമാണെന്നും ഔദ്യോഗിക അംഗങ്ങളിൽ 4 പേർ ഔദ്യോഗിക തിരക്കുമൂലമാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും വിസി കത്തിൽ വാദിച്ചിരുന്നു. ഇതു തള്ളിയാണ് ഇപ്പോൾ ഗവർണർ അന്ത്യശാസനം നൽകിയിരിക്കുന്നത്.
ഗവർണറുടെ നിർദേശത്തിൽ വൈസ് ചാൻസലർ മഹാദേവൻപിള്ളയുടെ തുടർനടപടി നിർണായകമാണ്. ചാൻസലറായ ഗവർണറുടെ നിർദേശം വി സി പാലിച്ചില്ലെങ്കിൽ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് ഉൾപ്പെടെ നിർദേശം നൽകാനുള്ള അധികാരം ഗവർണർക്കുണ്ട്. അതേസമയം ഗവർണറുടെ നടപടിക്കെതിരെ സെനറ്റ് അംഗങ്ങൾ കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന
സെനറ്റ് യോഗത്തിൽ നിന്ന് ഗവർണർ വിട്ടുനിന്നതിന് പിന്നാലെയാണ് പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിൻവലിച്ചിരിക്കുന്നത്. 91 അംഗങ്ങൾ ഉള്ള സെനറ്റിൽ വിസി ഡോ. വിപി മഹാദേവൻ പിള്ളയുൾപ്പെടെ 13 പേർ മാത്രമാണ് പങ്കെടുത്തത്. പിൻവലിച്ച 15 സെനറ്റ് അംഗങ്ങളിൽ അഞ്ച് പേർ സിൻഡിക്കേറ്റ് അംഗങ്ങളാണ്. വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ നിർദേശിക്കാനാണ് ചൊവ്വാഴ്ച സെനറ്റ് ചേർന്നത്.