Connect with us

Crime

വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

Published

on

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജഡ്ജിയെ മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീകോടതി, ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അതിജീവിതയുടെ ഹരജി പരിഗണിച്ച് വിധിപറഞ്ഞത്.
പോലീസിന് ലഭിച്ച ശബ്ദരേഖയില്‍ പ്രതി വിചാരണക്കോടതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്നത് വ്യക്തമാണെന്നും അതുകൊണ്ട് നീതിലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും വിചാരണക്കോടതി മാറ്റണമെന്നുമായിരുന്നു അതിജീവതയുടെ ആവശ്യം. എന്നാല്‍ ജഡ്ജി-ദിലീപ് ബന്ധത്തിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു.
ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ ശബ്ദരേഖയാണ് പോലീസിന് ലഭിച്ചത്. എക്‌സൈസ് വകുപ്പില്‍ ജോലിചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുകയാണെന്നും അതിജീവിത സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ ആരോപിച്ചിരുന്നു.
മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. ഇതിനോടകം രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ലെന്നും അതിജീവിത ആരോപിച്ചിരുന്നു.
കേസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിലെ നിയമപ്രശനങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വസ്തുതകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് കോടതി മാറ്റണമെന്ന തന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതെന്നും അതിജീവിത സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ വിശദീകരിച്ചിരുന്നു.
നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. നടി കേസിലെ വിചാരണ പ്രത്യേക കോടതിയില്‍ നിന്നും മാറ്റിയ നടപടി നിയമപരമല്ല എന്ന വാദം തള്ളി കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവിട്ടത്. വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ രജിസ്ട്രാറുടെ ഉത്തരവ് കോടതി നടപടികളുടെ തുടര്‍ച്ചയാണെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു. ഇതോടെ എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ തന്നെ കേസിന്റെ വിചാരണ തുടരുന്ന നിലയായി. ഈ സാഹചര്യത്തിലാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്.

Continue Reading