Crime
വിഴിഞ്ഞം സമരം കടുപ്പിച്ച് പ്രതിഷേധക്കാർ. തുറമുഖ കവാടത്തിന്റെ പൂട്ട് തകർത്ത പ്രതിഷേധക്കാർ പദ്ധതിപ്രദേശത്ത് പ്രവേശിച്ചു

തിരുവനന്തപുരം: നൂറാം ദിവസത്തിൽ വിഴിഞ്ഞം സമരം കടുപ്പിച്ച് പ്രതിഷേധക്കാർ. തുറമുഖ കവാടത്തിന്റെ പൂട്ട് തകർത്ത പ്രതിഷേധക്കാർ പദ്ധതിപ്രദേശത്ത് പ്രവേശിച്ചു. ഇവർ ബാരിക്കേഡുകൾ കടലിലെറിഞ്ഞു. വള്ളങ്ങളിലും പ്രതിഷേധക്കാർ എത്തിയിരിക്കുകയാണ്. പ്രതിഷേധത്തിന്റെ സൂചകമായി കറുത്ത പുക ഉയർത്തിക്കൊണ്ടാണ് വള്ളത്തിൽ പ്രതിഷേധം നടക്കുന്നത്. വള്ളം കത്തിച്ചും പ്രതിഷേധം ശക്തമാക്കുകയാണ്.
പുലിമുട്ട് നിർമാണം നടക്കുന്ന പ്രദേശത്താണ് കൊടിയുയർത്തിയ നൂറുകണക്കിന് വള്ളങ്ങളിൽ പ്രതിഷേധക്കാർ എത്തിയിരിക്കുന്നത്. കരയിലും നൂറുകണക്കിനുപേർ പ്രതിഷേധിക്കുകയാണ്. സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാമെന്ന വാഗ്ദ്ധാനമല്ലാതെ ഒന്നും നടക്കുന്നില്ലെന്നാണ് സമരക്കാർ പറയുന്നത്. അതേസമയം, കഴിയുന്ന ആവശ്യങ്ങൾക്കെല്ലാം അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്.തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കൊല്ലങ്കോട് മുതൽ വർക്കല വരെയുള്ള ഇടവകകളിൽ നിന്നുള്ള വിശ്വാസികളും തീരദേശവാസികളുമാണ് സമരത്തിന് എത്തിയിരിക്കുന്നത്. ജൂലായ് 20ന് സെക്രട്ടേറിയറ്റിൽ തുടങ്ങിയ സമരമാണ് ഇപ്പോൾ പദ്ധതിപ്രദേശത്തേക്ക് കടന്നിരിക്കുന്നത്.