Crime
ആരോപണം നിഷേധിച്ച് പിടി തോമസ് കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വസ്തു തർക്കത്തിന് മധ്യസ്ഥതക്കാണ് പോയത്. കൂടെയുണ്ടായത് ബ്രാഞ്ച് സെക്രട്ടറിയും

കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് പി.ടി.തോമസ് എം.എൽ.എ രംഗത്തെത്തി. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വസ്തു സംബന്ധിച്ച സർക്കത്തിൽ മധ്യസ്ഥത വഹിക്കാനാണ് ഇടപ്പള്ളിയിലെ വീട്ടിൽ പോയത്. തന്റെ ഡ്രൈവറായിരുന്ന ബാബുവിന്റെ കുടുംബമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോൾ താൻ ഇറങ്ങി ഓടിയെന്നും കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നുവെന്നുമുള്ള വാർത്തകളും പ്രചാരണങ്ങളും ശരിയല്ല. ഇടപ്പള്ളിയിലെ വീട്ടിൽ മധ്യസ്ഥ ചർച്ചകൾ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നാലഞ്ചു പേർ വരുന്നത് കണ്ടിരുന്നു. ആദായ നികുതി വകുപ്പിൽ നിന്നാണെന്ന് പറഞ്ഞു. തുടർന്ന് ഞാൻ കാറിൽ കയറി ഓഫീസിലെത്തിയപ്പോഴാണ് അറിയുന്നത് ആദായ നികുതി വകുപ്പ് രാമകൃഷ്ണൻ എന്നായാൾ കൈമാറിയ തുക പിടിച്ചെടുത്തതായും അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തതായും അറിയുന്നതെന്നും പി.ടി.തോമസ് പറഞ്ഞു.
വാർഡ് കൗൺസിലർ ജോസഫ് അലക്സ്, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഗിരിജൻ, റസിഡന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങി പതിനഞ്ചോളം ആളുകൾ മധ്യസ്ഥ ചർച്ചകളിൽ തന്നോടൊപ്പമുണ്ടായിരുന്നു. 80 ലക്ഷത്തിനാണ് കരാർ ഉണ്ടായിരുന്നത്. പിടിച്ചെടുത്തത് 50 ലക്ഷമാണെന്ന് വാർത്ത കാണുന്നത്. കള്ളപ്പണ ഇടപാടിന് എം.എൽ.എ. കൂട്ടുനിന്നുവെന്നാണ് ആരോപിക്കുന്ന്. തികച്ചും അസംബന്ധമാണിത്. ലോകത്താരെങ്കിലും കള്ളപ്പണത്തിന് കരാറുണ്ടാക്കുമോ എന്നും തോമസ് ചോദിച്ചു.