Crime
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽഎം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നു ഇ.ഡി

ന്യൂഡല്‍ഹി: സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് ഇഡി സുപ്രീം കോടതിയിൽ വ്യക്തമാക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തെ ഡെപ്യുട്ടി ഡയറക്ടര്‍ ദേവ് രഞ്ചന്‍ മിശ്രയാണ് മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്തത്.
സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ചെയ്തത് രാഷ്ട്രീയ താത്പര്യത്തോടെയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിന്റെ വിചാരണ കേരളത്തില്‍നിന്ന് ബെംഗളുരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇ.ഡി സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്തത്.
കേസില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കികൊണ്ടുള്ള രഹസ്യ മൊഴിയാണ് സ്വപ്ന സുരേഷ് നല്‍കിയത്. ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം സ്വന്തന്ത്ര ജുഡീഷ്യല്‍ ഫോറത്തിന് മുമ്പാകെയാണ് രഹസ്യ മൊഴി നല്‍കിയത്. ഇതില്‍നിന്നുതന്നെ മൊഴി മറ്റാരുടെയും സ്വാധീനത്താല്‍ അല്ല നല്‍കിയതെന്ന് വ്യക്തമാണെന്ന് ഇ.ഡി ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.