Connect with us

KERALA

പെൻഷൻ പ്രായ വിവാദത്തിൽ സി പി എം നേതൃത്വത്തിൽ കടുത്ത അതൃപ്തി. പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെയാണെന്ന് എം വി ഗോവിന്ദൻ

Published

on

തിരുവന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായ വിവാദത്തിൽ സി പി എം നേതൃത്വത്തിൽ കടുത്ത അതൃപ്തി. ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത് പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
സർക്കാർ തീരുമാനത്തിൽ പാർട്ടിക്ക് അതൃപ്തിയുണ്ടെന്ന് എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞു. സർക്കാർ യുവജന തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയിട്ടില്ല. ഏകപക്ഷീയമായി തീരുമാനം എടുത്തതുകൊണ്ടാണ് ഉത്തരവ് മറരവിപ്പിക്കേണ്ടിവന്നതെന്ന് അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

അതിനിടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്ന വിഷയത്തിൽ പുതിയ വിവാദം വേണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ധനകാര്യ വകുപ്പിന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങളൊക്കെ പരിഗണിച്ചാണ് ഉത്തരവ് മരവിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻപ്രായം അറുപതാക്കി ഏകീകരിച്ച തീരുമാനം പ്രതിപക്ഷത്തിന്റെയും ഇടത് യുവജനസംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് ഇന്നലെയാണ് മന്ത്രിസഭായോഗം മരവിപ്പിച്ചത്. ഓരോ സ്ഥാപനത്തിന്റെയും സാഹചര്യങ്ങൾ വിശദമായി വിലയിരുത്തി പിന്നീട് പ്രത്യേകം തീരുമാനമെടുക്കാനാണ് ധാരണ.എംപ്ലോയീസ് പ്രോവിഡന്റ് പെൻഷൻ സ്കീം മാത്രമുള്ള ഭൂരിഭാഗം പൊതുമേഖലാസ്ഥാപനങ്ങളിലും നിലവിൽ 58 ആണ് പെൻഷൻപ്രായം. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിട്ടി എന്നിവയൊഴിച്ചുള്ള 122 പൊതുമേഖലാസ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻപ്രായം അറുപതാക്കി ഏകീകരിച്ച് ശനിയാഴ്ച ഉത്തരവിറക്കിയത്. ഇത് മരവിപ്പിച്ചതോടെ വിവിധ സ്ഥാപനങ്ങളിൽ 56, 58, 60 എന്നിങ്ങനെയുള്ള പെൻഷൻപ്രായം അതേ നിലയിൽ തുടരും.

Continue Reading