Education
സമ്മര്‍ദം വിലപ്പോവില്ലെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സംരക്ഷണമെന്ന പേരിൽ എല്‍ഡിഎഫ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ ഒരു സമ്മര്‍ദ്ദവും വിലപ്പോവില്ലെന്നും ഗവർണർ പറഞ്ഞു. താൻ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. അതില്‍ നിന്ന് പിന്‍മാറില്ല. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ അസ്വസ്ഥനാണ്. സര്‍വകലാശാലകളെ പാര്‍ട്ടി ഡിപ്പാര്‍ട്ടുമെന്റുകളാക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ 13 സര്‍വകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കോടതി വിധി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ഒരു ഓര്‍ഡിനന്‍സും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത് വരെ തനിക്ക് കിട്ടിയില്ല. കൈയില്‍ കിട്ടാത്ത ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ല. ആരോടും വ്യക്തിപരമായി ശത്രുതയില്ലെന്നും സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളെയാണ് ചോദ്യം ചെയ്തതതെന്നും ഗവർണർ പറഞ്ഞു.