Crime
ശബരിമലയിൽ ആചാരലംഘനത്തിന് കളമൊരുക്കി പൊലീസിന് നൽകിയ കൈ പുസ്തകം

ശബരിമല: ആചാരലംഘനത്തിന് കളമൊരുക്കി സന്നിധാനത്ത് പൊലീസിന്റെ പുസ്തകം.സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നാണ് പുസ്തകത്തിലെ പ്രധാന നിർദ്ദേശം. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശങ്ങൾ അടങ്ങുന്ന പുസ്തകത്തിലാണ് യുവതീ പ്രവേശന വിധിയെ പറ്റിയുള്ള പരാമർശം.
ശബരിമല യുവതീ പ്രവേശന വിധി ഏഴംഗ ഭരണഘടനാ ബഞ്ചിന്റെ പുന:പരിശോധനയിലാണ്. ശബരിമലയിൽ പ്രവേശനത്തിനായി തങ്ങൾക്ക് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച രഹ്ന ഫാത്തിമയ്ക്കും ബിന്ദു അമ്മിണിക്കും തിരിച്ചടി നൽകി 2019 ഡിസംബർ 13ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, ബി.ആർ ഗവായ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത് യുവതീ പ്രവേശന വിഷയത്തിൽ വിശാല ബഞ്ചിന്റെ വിധി വന്നശേഷം തീരുമാനമെടുക്കാം എന്നതായിരുന്നു. ഇതോടെ തത്വത്തിൽ പുന:പരിശോധന വിധികൾ വരുന്നത് വരെ യുവതീ പ്രവേശനത്തെ സുപ്രീംകോടതിയും അനുകൂലിക്കുന്നില്ലാ എന്ന് വ്യക്തം.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ ഇത്തരം പരാമർശങ്ങൾ പോലും മുഖവിലക്കെടുക്കാതെയാണ് ആഭ്യന്തരവകുപ്പ് വീണ്ടും യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നത്. സന്നിധാനത്തെ പൊലീസ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി ആഭ്യന്തരവകുപ്പ് അച്ചടിച്ച് വിതരണം ചെയ്ത നിർദ്ദേശങ്ങൾ അടങ്ങിയ കൈപ്പുസ്തകത്തിൽ 2018 സെപ്തംബർ28 ന് സുപ്രീംകോടതി പുറപ്പെടുവിച്ച യുവതീ പ്രവേശന വിധി നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നാണ് സൂചിപ്പിച്ചിക്കുന്നത്