Crime
വീടു വീട്ടിറങ്ങിയ പതിനേഴുകാരിയെ വിവിധ ജില്ലകളിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസിലെ പ്രതികള്‍ പിടിയില്‍

കൊച്ചി: വീടു വീട്ടിറങ്ങിയ പതിനേഴുകാരിയെ ലഹരി മരുന്ന് നല്‍കി സംസ്ഥാനത്തെ വിവിധ ജില്ലകളിലെത്തിച്ച് തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ കേസിലെ പ്രതികള്‍ പിടിയില്‍. സംഭവത്തില്‍ 9 പേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
മട്ടാഞ്ചേരി ചക്കാമാടം ജോഷി തോമസ് (40), ആലുവ ചൂർണിക്കര കരിപ്പായിൽ വീട്ടിൽ കെ.ബി. സലാം (49), തൃശൂർ കൃഷ്ണപുരം കാക്കശേരി വീട്ടിൽ അജിത്ത്കുമാർ (24), പത്തനംതിട്ട പന്തളം കുരമ്പാല ഓലക്കാവിൽ വീട്ടിൽ മനോജ് സോമൻ (34), ഉദയംപേരൂർ മാക്കാലിക്കടവ് പൂന്തുറ ചിറയിൽ ഗിരിജ (52), പുത്തൻകുരിശ് കാഞ്ഞിരക്കാട്ടിൽ അച്ചു (26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് വീട്ടിൽ നിഖിൽ ആന്റണി (37), കോട്ടയം കാണക്കാരി മുതിരക്കാല കൊച്ചുപറമ്പിൽ ബിജിൻ മാത്യു (22) എന്നിവരാണ് സെൻട്രൽ, പാലാരിവട്ടം സ്റ്റേഷനുകളിലായി അറസ്‌റ്റിലായത്.
നിലവില്‍ 21 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നാലു പേരെയും പാലാരിവട്ടം സ്റ്റേഷനില്‍ അഞ്ച് പേരെയുമാണ് അറസ്റ്റ് ചെയ്തത്. 14 പേരുടെ പേരില്‍ പീഡനക്കുറ്റവും മറ്റുള്ളവരില്‍ പ്രേരണക്കുറ്റവുമാണ് ചുമത്തിട്ടുള്ളത്. കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി ഡൊണാള്‍ഡ് എന്നയാള്‍ സമാനമായ കേസില്‍ നിലവില്‍ റിമാന്‍ഡിലാണ്.
കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ തുടരന്വേഷണത്തിലാണ് പീഡന വിവരം കണ്ടെത്തിയത്. തുടര്‍ന്ന് 14 പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ശേഷം ബന്ധപ്പെട്ട സ്റ്റേഷനുകള്‍ക്ക് കേസ് കൈമാറുകയായിരുന്നു.
ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് 4 വരെയുള്ള കാലത്താണ് പീഡന പരമ്പര അരങ്ങേറിയത്. വീടു വിട്ടിറങ്ങിയ ഒറ്റപ്പാലം പാലപ്പുറം സ്വദേശിനിയായ പതിനേഴുകാരി എറണാകുളത്തിനു പുറമേ കൊല്ലം, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലെത്തിയിരുന്നു. ഇവിടെയെല്ലാം പീഡനത്തിനിരയാവുകയും ചെയ്തു. പിന്നീട് പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ള ഗിരിജയ്ക്കു കൈമാറി. മറ്റുള്ള പ്രതികൾക്കു പെൺകുട്ടിയെ കാഴ്ചവെച്ചത് ഗിരിജയാണെന്നു പൊലീസ് പറയുന്നു.
രാസലഹരിയുള്‍പ്പെടെ നല്‍കിയാണു കുട്ടിയെ പീഡിപ്പിച്ചതെന്നാണ് എഫ്‌ഐആറിലുള്ളത്. ഒടുവില്‍ തിരുവനന്തപുരം ലുലു മാളിനു സമീപത്തു നിന്നാണു കുട്ടിയെ പൊലീസ് കണ്ടെത്തിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ഭയ ഹോമിലേക്കു മാറ്റിയ കുട്ടി ഒരു മാസത്തിനു ശേഷമാണു പീഡന വിവരം തുറന്നു പറഞ്ഞത്. ഇതേത്തുടര്‍ന്നാണു കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ മറ്റു ജില്ലകളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണു വിവരം.