KERALA
മലപ്പുറത്ത് തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി.ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

തിരൂര്‍: മലപ്പുറം പുറത്തൂരില്‍ തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഇഷ്ടികപറമ്പില്‍ കുട്ടുവിന്റെ മകന്‍ സലാം (55), കളൂരിലെ കുയിനിപ്പറമ്പില്‍ അബൂബക്കര്‍ (62) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
അപകടത്തില്‍ രണ്ടുപേരെ രക്ഷിച്ചു. കാണാതായ സലാമിനും അബൂബക്കറിനും വേണ്ടി അര്‍ധരാത്രിവരെ തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് നിര്‍ത്തിവെച്ചു. പുലര്‍ച്ചെ കോസ്റ്റ്ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. കുറ്റിക്കാട് കടവില്‍ വൈകീട്ട് ആറരയോടെയാണ് അപകടം.
സഹോദരിമാരായ നാഈന്തു കാട്ടില്‍ ഹംസയുടെ ഭാര്യ റുഖിയ (60), വിളക്കത്ര വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ സൈനബ (54) എന്നിവരുടെ മൃതദേഹം ശനിയാഴ്ച രാത്രി കണ്ടെടുത്തിരുന്നു. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. ചക്കിട്ടപ്പറമ്പില്‍ ഉമ്മറിന്റെ ഭാര്യ ബീപാത്തു (65), കുറുങ്ങാട്ടില്‍ നസീറിന്റെ ഭാര്യ റസിയ(42) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. പുഴയില്‍ പെട്ടെന്ന് വെള്ളം പൊങ്ങിയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
തഹസില്‍ദാര്‍ പി. ഉണ്ണി, സി.ഐ. എം.ജെ. ജിജോ, പുറത്താര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, ജില്ലാ പഞ്ചായത്തംഗം ഇ. അഫ്‌സല്‍ എന്നിവര്‍ സ്ഥലത്തെത്തി