Connect with us

KERALA

തനിക്ക് ആരേയും ഭയമില്ല.എന്താണ് വിഭാഗീയ പ്രവർത്തനം എന്ന് എനിക്കറിയണം ശശി തരൂർ

Published

on

തലശേരി: പ്രതിപക്ഷ നേതാവിനെ വിമർശിച്ച് വീണ്ടും ശശി തരൂർ എം.പി. വിഭാഗീയ പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് കേള്‍ക്കുമ്പോള്‍ വിഷമമുണ്ടെന്ന് പറഞ്ഞ തരൂർ തനിക്ക് ആരേയും ഭയമില്ലെന്നും കൂട്ടിച്ചേർത്തു. മലബാർ പര്യടനത്തിനിടെ തലശേരിയിൽ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി ഡി സതീശന്റെ വാർത്താ സമ്മേളനത്തിലെ ‘മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂൺ’ പ്രയോഗത്തെയും തരൂർ പരിഹസിച്ചു. ‘എന്തുകൊണ്ടാണ് നിങ്ങൾ വന്നിരിക്കുന്നത് എന്ന് എനിക്കറിയാം, നിങ്ങൾ ബലൂൺ ഊതാനല്ല വന്നത്, അതേയോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ അതേ കുറിച്ചുള്ള പരാമർശം.
അനാവശ്യ വിഭാഗീയ പ്രവർത്തനങ്ങളാണ് ഞാനും രാഘവനും ചെയ്യുന്നത് എന്ന് പറയുമ്പോൾ ഞങ്ങൾക്ക് വിഷമമുണ്ട്. കഴിഞ്ഞ ദിവസത്തെ പരിപാടി തന്നെ നോക്കിക്കോളൂ. രാവിലെ എണീറ്റ് പോയി പ്രഭാത ഭക്ഷണം കഴിച്ചത് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം. അതുകഴിഞ്ഞ് ഡിസിസി അധ്യക്ഷനെ കണ്ട് ഓഫീസിൽ കുറച്ചു നേരം ഇരുന്നു. അത് കഴിഞ്ഞ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ സ്ഥാപിച്ച സിവിൽ സർവീസ് അക്കാദമിയിൽ, വിദ്യാർഥികളോടൊപ്പം ചർച്ച ചെയ്തു. അതുകഴിഞ്ഞ് പോയത് മഹിളാ കോളേജിൽ. മഹിളാ ശാക്തീകരണത്തെക്കുറിച്ചായിരുന്നു പ്രഭാഷണം. ശേഷം മാതൃഭൂമിയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായ നൂറുദിന പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു, ആഗോള മലയാളികളെക്കുറിച്ചായിരുന്നു സംസാരം. ഇതിനിടയിൽ നവമി ആഘോഷിച്ച എം.ജി.എസ്. നാരായണൻ, മുൻ മന്ത്രി സിറിയക് ജോൺ എന്നിവരെ കണ്ടത് ബഹുമാനത്തോടെയാണ്. എല്ലാമാസവും കോഴിക്കോട് കാണില്ലല്ലോ. വരുമ്പോൾ കാണാൻ എത്തുന്നത് സ്വാഭാവികമാണ്. ഇതിനിടയിൽ കാന്തപുരം മുസ്ലിയാരുടെ അടുത്തെത്തി ആരോഗ്യവിവരം തിരക്കി. എ.പി. മുഹമ്മദ് മുസ്ലിയാരുടെ പേരിൽ നടത്തിയ അനുസ്മരണ പരിപാടിയിലും പ്രസംഗിച്ചു.ഇതിൽ എന്താണ് വിഭാഗീയ പ്രവർത്തനം എന്ന് എനിക്കറിയണം. ഏതാണ് ഞാനും രാഘവനും പറഞ്ഞ വാക്ക് കോൺഗ്രസ് പാർട്ടിക്കെതിരായിട്ടുള്ളത്. ഏത് തെറ്റാണ് ചെയ്ത്. ആരെങ്കിലും എന്നോട് ചോദിച്ചാൽ ഇതൊക്കെ പറയും. ആരും ഔദ്യോഗികമായി ചോദിച്ചിട്ടില്ല. എല്ലാം മാധ്യമങ്ങളിൽ കൂടിയാണ് അറിഞ്ഞത്. കുറച്ച് അസ്വസ്ഥത തോന്നുന്നു. ഇതെല്ലാം മാധ്യമങ്ങള്‍ വലിയ വിവാദം ആക്കേണ്ട ആവശ്യമില്ല. മാധ്യമങ്ങൾക്ക് അതാണ് ആവശ്യമെങ്കിൽ ഞാൻ തന്നെ സൂചി തരാൻ തയ്യാറാണ്’ തരൂർ പറഞ്ഞു.

‘പതിനാലാമത്തെ വർഷമാണ് രാഷ്ട്രീയത്തിൽ ഞാൻ ആരേയും ആക്ഷേപിച്ചിട്ടില്ല. അതല്ല എന്റെ രീതി. ഞാൻ ആരേയും ആക്ഷേപിക്കുന്നില്ല. ആരോടും എതിർപ്പില്ല. ആരേയും ഭയമില്ല അവർ എന്റെ കൂടെ അതുപോലെ ഇരുന്നാൽ സന്തോഷം’ തരൂർ പറഞ്ഞു.

Continue Reading