Crime
ഇരട്ടക്കൊലപാതകത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ . പ്രധാന പ്രതിപാറായി ബാബുവിനുവേണ്ടി തിരച്ചിൽ തുടരുന്നു

തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതകത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിൽ പെട്ട ജാക്സൺ, നവീൻ, സുജിത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രധാന പ്രതിയെന്ന് കരുതുന്ന പാറായി ബാബുവിനുവേണ്ടി അന്വേഷണം ഊർജിതമാക്കി. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന മരണമൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. പാറായി ബാബു എന്ന സുരേഷ് ബാബു നേരത്തെ ആർ.എസ്.എസ് പ്രവർത്തകനായിരുന്നു .പിന്നീട് സി.പി.എമ്മിലേക്ക് മാറുകയായിരുന്നു. നിരവധി രാഷ്ട്രീയ അക്രമ കേസിലെ പ്രതിക്കൂടിയായ ബാബു ലഹരി വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണ്.
കത്തിക്കുത്തിൽ കൊടുവള്ളിയിലെ ഇല്ലിക്കുന്നിൽ ത്രിവർണ്ണയിൽ ഖാലിദ് ( 52), ഖാലിദിന്റെ ഭാര്യാസഹോദരനും സി.പി.എം നെട്ടൂർ ബ്രാഞ്ച് അംഗവുമായ പൂവനാഴി ഷമീർ (48) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നെട്ടൂർ സാറാസിൽ ഷാനിബി(24) നെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഖാലിദ് തൽക്ഷണവും ഷമീർ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലുമാണ് മരിച്ചത്. ഖാലിദിന് കഴുത്തിനും ഷമീറിന്റെ പുറത്തും ഷാനിബിന് നെഞ്ചിനുമാണ് കുത്തേറ്റത്.ഇന്നലെ വൈകിട്ട് നാലരയോടെ തലശ്ശേരി സഹകരണ ആശുപത്രി കാന്റീന് സമീപമാണ് അക്രമമുണ്ടായത്.