Crime
ട്രാൻസ്ജെൻഡർ വിവാഹത്തിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി നിഷേധിച്ചതായി പരാതി

പാലക്കാട് : പാലക്കാട് കൊല്ലങ്കോട് ട്രാൻസ്ജെൻഡർ വിവാഹത്തിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി നിഷേധിച്ചതായി പരാതി.
പാലക്കാട് കൊല്ലങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രമാണ് വിവാഹത്തിന് അനുമതി നിഷേധിച്ചത്. ട്രാന്‍സ് ജെന്‍ഡറുകളായ നിലന്‍ കൃഷ്ണയും അദ്വികയുമാണ് വിവാഹത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍ കല്യാണത്തിന് 2 ദിവസം മുമ്പ് അനുമതിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു.
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാം കുറിശ്ശി. തങ്ങളുടെ പ്രശ്‌നം കൊണ്ടല്ല തങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡറുകളായത്. സമൂഹം പിന്തുണ നല്‍കുകയാണ് വേണ്ടതെന്ന് നിലന്‍ കൃഷ്ണ പറഞ്ഞു. എന്നാൽ ഇതുവരെ ഇത്തരത്തിലൊരു വിവാഹം ക്ഷേത്രത്തില്‍ നടന്നിട്ടില്ലെന്നും, ഭാവിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് അനുമതി നൽകാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. ക്ഷേത്രം അനുമതി ലഭിക്കാതിരുന്നതോടെ സമീപത്തെ കല്യാണമണ്ഡപത്തിലേക്ക് വിവാഹ ചടങ്ങുകൾ മാറ്റി.