NATIONAL
പീഡന കേസ് പ്രതിക്ക് സീറ്റ് . ചോദ്യം ചെയ്ത വനിതാ പ്രവർത്തകയ്ക്ക് നേരെ കൈയേറ്റം

ലക്നോ: ഉത്തർപ്രദേശിലെ ദയോറയിൽ കോണ്‍ഗ്രസ് യോഗത്തില്‍ പീഡന കേസ് പ്രതിക്ക് സീറ്റ് നല്‍കിയത് ചോദ്യം ചെയ്ത വനിതാ പ്രവര്‍ത്തകയ്ക്കു നേരെ കൈയേറ്റം. താരാ യാദവ് എന്ന വനിതാ പ്രവർത്തകയ്ക്കാണ് മർദനമേറ്റത്.
ദിയോറയിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച മുകുന്ദ് ഭാസ്കർ ബലാത്സംഗ കേസ് പ്രതിയാണെന്നാണ് താര യോദവ് ആരോപിക്കുന്നത്. കോൺഗ്രസ് സമ്മേളനം നടക്കുന്ന ദിയോറയിലെ ടൗൺഹാളിൽ മൂന്ന് വനിതാ പ്രവർത്തകരുമായി എത്തിയ താര പ്രതിഷേധം ഉയർത്തിയതോടെയാണ് സംഘർഷം ആരംഭിക്കുന്നത്.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സച്ചിൻ നായിക്കിനു നേരെ താര യാദവ് പൂച്ചെണ്ട് എറിഞ്ഞു. ഇതോടെ വനിതാ പ്രവർത്തകർക്കു നേരെ കൈയേറ്റമുണ്ടായി. ഇവരെ ചിലർ ചേർന്ന് രക്ഷിച്ച് പുറത്തുകടത്തുകയായിരുന്നു. ഇവരെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.
ഒരു വശത്ത് ഹത്രാസ് പെൺകുട്ടിക്ക് വേണ്ടി പാർട്ടി നേതാക്കൾ വാദിക്കുകയും മറുവശത്ത് ബലാത്സംഗക്കാർക്ക് പാർട്ടി ടിക്കറ്റ് നൽകുകയുമാണെന്ന് താര ആരോപിച്ചു. അത് തെറ്റായ തീരുമാനമാണ്. ഇത് പാർട്ടിയുടെ പ്രതിച്ഛായയെ നശിപ്പിക്കുമെന്നും താര യാദവ് ചൂണ്ടിക്കാട്ടി.
ബലാത്സംഗ കേസിലെ പ്രതിയായ മുകുന്ദ് ഭാസ്കറിന് ഉപതെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുന്നത് താന്‍ ചോദ്യം ചെയ്തു. അതിന് തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കൈയേറ്റം ചെയ്തു. ഇക്കാര്യത്തില്‍ പ്രിയങ്കാ ഗാന്ധി എന്ത് നടപടിയെടുക്കും എന്നറിയാനാണ് താന്‍ കാത്തിരിക്കുന്നതെന്നും താര പറഞ്ഞു.