Connect with us

KERALA

പാല തനിക്ക് ചങ്കാണ്. വിട്ടു തരാൻ മനസില്ലെന്ന് കാപ്പൻ. ജോസ് കെ.മാണിക്കെതിരെയും കാപ്പന്റെ ചാട്ടുളി

Published

on

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിനില്‍ക്കെ ഇടതു മുന്നണിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. ജോസ് കെ മാണി വിഭാഗം എത്തുന്നതോടെ ഏറെ നഷ്ടമുണ്ടാകാനിടയുള്ള സിപിഐയും എന്‍സിപിയുമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ഇരു പാര്‍ട്ടികളുടെയും കോട്ടയം ജില്ലാ ഘടകങ്ങള്‍ക്കാണ് എതിര്‍പ്പേറെയുള്ളത്.

സിപിഐയുടെയും എന്‍സിപിയുടെയും ജില്ലാ നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രതികരിച്ച സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സികെ ശശിധരന്‍ ജോസ് കെ മാണി വന്നാലും അണികള്‍ വരുമെന്ന പ്രതീക്ഷയില്ലെന്നാണ് പറഞ്ഞത്. സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി ജോസ് കെ മാണിക്ക് വിട്ടു നല്‍കാനാവില്ലെന്നും വ്യക്തമാക്കി കഴിഞ്ഞു.

ഇന്നു ശ്രദ്ധേയമായ പ്രതികരണം നടത്തിയത് എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി കാപ്പനാണ്. ജോസ് കെ മാണി വരുന്നതിനെ എതിര്‍ക്കുന്നില്ലെന്നും പക്ഷേ പാലാ വിട്ടു നല്‍കിയുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും കാപ്പന്‍ വ്യക്തമാക്കുന്നു. ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് ഇടതു മുന്നണിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് കാപ്പന്റെ വാദം.
പാലാ വിട്ടു നല്‍കില്ലെന്നു മാത്രമല്ല ജോസ് കെ മാണിയെ പരിഹസിക്കാനും കാപ്പന്‍ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മറന്നില്ല. മുമ്പ് ലോക്‌സഭയില്‍ ഒന്നര വര്‍ഷം ബാക്കി നില്‍ക്കെ രാജിവച്ചു രാജ്യസഭയില്‍ പോയി. ഇനി രാജ്യസഭയില്‍ മൂന്നര വര്‍ഷം ബാക്കിയിരിക്കെ രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ ജോസ് കെ മാണി ഒരുങ്ങുന്നതിനെ പരാമര്‍ശിച്ചായിരുന്നു കാപ്പന്റെ പരിഹാസം.

കെഎം മാണിക്ക് പാലാ ഭാര്യയാണെങ്കില്‍ തനിക്ക് അതു ചങ്കാണ്. രാജ്യസഭാ സീറ്റ് ആര്‍ക്കു വേണെമെന്നും കാപ്പന്‍ തുറന്നടിച്ചു. ജോസ് കെ മാണി വിഭാഗം വരുന്നതുകൊണ്ട് പാലായില്‍ ഇടതു മുന്നണിക്ക് ഗുണമില്ലെന്നുമാണ് കാപ്പന്റെ വിലയിരുത്തല്‍.

അതസമയം പാലായെച്ചൊല്ലി ഈ സമയത്തുള്ള മാണി സി കാപ്പന്റെ തര്‍ക്കം വെറുതെയല്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍. രണ്ടു ദിവസത്തിനുള്ളില്‍ മുന്നണി പ്രവേശനത്തിന് തയ്യാറാണെന്ന നിലപാട് ജോസ് കെ മാണി പ്രഖ്യാപിക്കാനിരിക്കുകയാണ്. ജോസ് കെ മാണി ആദ്യം വരട്ടെ; പിന്നീടാണ് സീറ്റ് ചര്‍ച്ചയെന്നാണ് ഇടതു മുന്നണി നേതാക്കള്‍ പറയുന്നത്.

Continue Reading