Life
ശബരിമലയിൽ ദർശന സമയം ഒരു മണിക്കൂർ കൂടി ദീർഘിപ്പിക്കാൻ തീരുമാനം

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പദർശനത്തിനായി തീർത്ഥാടകരുടെ കാത്തുനിൽപ്പ് പന്ത്രണ്ട് മണിക്കൂറിലധികം നീണ്ടതോടെ ദർശന സമയം ഒരു മണിക്കൂർ കൂടി ദീർഘിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. നിലയ്‌ക്കലിൽ പാർക്കിംഗിന് കൂടുതൽ സൗകര്യം ഒരുക്കാനും തീരുമാനമായി. ദേവസ്വം മന്ത്രിയും യോഗത്തിൽ പങ്കെടുത്തു.
തിരക്കുള്ള ദിവസങ്ങളിൽ ദർശനസമയം അരമണിക്കൂർ കൂടി കൂട്ടി രാത്രി 11.30ന് ഹരിവരാസനം പാടി നടയടയ്‌ക്കാൻ ഇന്നലെ തീരുമാനമായിരുന്നു. സാധാരണ 11നായിരുന്നു നടയടയ്ക്കുന്നത്. തന്ത്രിയുമായും മേൽശാന്തിയുമായും ആലോചിച്ചാണ് ദർശന സമയം കൂട്ടിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ കഴിഞ്ഞദിവസം പ്രതികരിച്ചു.തിരക്കേറിയതോടെ ഉച്ചയ്‌ക്കുശേഷം നട തുറക്കുന്നത് അരമണിക്കൂർ നേരത്തേ മൂന്ന് മണിക്കാക്കിയത് തുടരുന്നുണ്ട്.