KERALA
വിവാഹത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ബാധകമായ ഏകീകൃതനിയമം അനിവാര്യമാണെന്ന് ഹൈക്കോടതി.

കൊച്ചി: വിവാഹത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ബാധകമായ ഏകീകൃതനിയമം അനിവാര്യമാണെന്ന് കേരള ഹൈക്കോടതി. മതനിരപേക്ഷസമൂഹത്തില്‍ നിയമപരമായ സമീപനം മതാധിഷ്ഠിതം എന്നതിനപ്പുറം പൊതുനന്മയ്ക്കുവേണ്ടിയായിരിക്കണം. ഇക്കാര്യത്തില്‍ മതത്തിന് ഒരുപങ്കാളിത്തവുമില്ല. ഏകീകൃത വിവാഹനിയമം ഉണ്ടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.വൈവാഹിക ബന്ധത്തിന്റെ കാര്യത്തില്‍ കക്ഷികളെ മതത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ നിയമം വേര്‍തിരിക്കുന്നതെന്ന് ബെഞ്ച് പറഞ്ഞു.
വിവാഹമോചനം നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണ സഭയുടെ കാര്യക്ഷമതയെ സംശയിക്കാനാവില്ലെങ്കിലും, ഇതിന്റെ നടപടിക്രമങ്ങള്‍ പ്രായോഗിക അര്‍ത്ഥത്തില്‍ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി കോടതി പറഞ്ഞു.
‘ഇന്ന്, വിവാഹമോചനം തേടുന്ന കക്ഷികളുടെ വേദനകള്‍ കൂട്ടി കുടുംബകോടതി മറ്റൊരു യുദ്ധക്കളമായി മാറിയിരിക്കുന്നു. പൊതു താല്‍പ്പര്യമോ നന്മയോ പ്രോത്സാഹിപ്പിക്കുന്നതിനുപകരം എതിരാളികളുടെ താല്‍പ്പര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഒരു പ്ലാറ്റ്ഫോമായിട്ടാണ് കുടുംബ കോടതികളുടെ നിയമനിര്‍മാണം. ഒരു ഏകീകൃത പ്ലാറ്റ്ഫോമില്‍ കക്ഷികള്‍ക്ക് ബാധകമായ നിയമത്തില്‍ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.