Education
സംസ്ഥാനം പുതിയ കാല്‍വെപ്പില്‍ മുഴുവന്‍ പൊതുവിദ്യാലങ്ങളിലും ഹൈടെക് ക്ലാസ് മുറികള്‍ പ്രഖാപനം നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. കിഫ്ബിയുടെ ധനസഹായത്തോടെയാണ് ഹൈടെക് സ്മാര്‍ട് ക്ലാസ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കൈറ്റ് ആണ്.
16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിക്കായി വിതരണം ചെയ്തത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെ 4752 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കി. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്‌കൂളുകളില്‍ ഹൈടെക് ലാബും തയാറാക്കി. കിഫ്ബി ധനസഹായത്തിന് പുറമേ ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടും തദ്ദേശസ്ഥാപന ഫണ്ടും പദ്ധതിക്കായി പ്രയോജനപ്പെടുത്തി.
നൂതനമായ പഠന സംവിധാനങ്ങള്‍ ഉപയോഗിച്ച് പഠിച്ചു വളരാനുള്ള സൗകര്യം ഇതോടെ സംസ്ഥാനത്തെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ലഭ്യമാകുന്ന സ്ഥിതിവിശേഷം സംജാതമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിമാനകരമായ ഒരു നേട്ടമാണിത്. വിദ്യാഭ്യാസം എല്ലാ വിഭാഗം ആളുകള്‍ക്കും ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ ഉറച്ച തീരുമാനമായിരുന്നു. പ്രളയങ്ങളും മഹാമാരിയുമടക്കം നിരവധി വെല്ലുവിളികള്‍ ഉയര്‍ന്നു വന്നിട്ടും ദൃഢനിശ്ചയത്തോടെ ആ ലക്ഷ്യം നമുക്ക് പൂര്‍ത്തീകരിക്കാനായി. നമുക്കൊത്തൊരുമിച്ച് കൂടുതല്‍ മികവിലേക്ക് വരും കാലങ്ങളില്‍ നമ്മുടെ വിദ്യാലയങ്ങളെ കൈ പിടിച്ചുയര്‍ത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.