Crime
ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്കു വിട്ടു
ന്യൂദല്‍ഹി: ആര്‍എസ്എസ് പാലക്കാട് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്കു വിട്ടു. എന്‍ഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല. കേരള പോലീസില്‍ നിന്നു കേസ് ഡയറി ലഭിച്ചാലുടന്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കള്‍ വരെ പ്രതികളായുള്ള കേസാണിത്.
കേസിലെ ഭീകര ബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍ വധക്കേസിലെ ഭീകര ബന്ധം വ്യക്തമാക്കിയിരുന്നു.
2022 ഏപ്രില്‍ 16ന് ഉച്ചയ്ക്കാണ് എ. ശ്രീനിവാസനെ(44) പാലക്കാട് നഗരത്തിലെ മേലാമുറി എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി ആറംഗ സംഘം വെട്ടിക്കൊന്നത്. കേസുമായി ബന്ധപ്പെട്ട് 41 പേര്‍ പിടിയിലായെങ്കിലും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ചിലരെ പിടികൂടിയിരുന്നില്ല.
