HEALTH
മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സിൻ ഇന്ന് മുതൽ ആശുപത്രികളിൽ ലഭ്യമാകും.

ന്യൂഡൽഹി: പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സിൻ ഇന്ന് മുതൽ രാജ്യത്തെ ആശുപത്രികളിൽ ലഭ്യമാകും. ചൈനയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കരുതൽ ഡോസായി നേസൽ വാക്സിൻ നൽകുന്നത്. ചൊവ്വാഴ്ച മുതൽ രാജ്യത്തെ ആശുപത്രികളിൽ മോക്ക് ഡ്രില്ലുകൾ നടത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നേസൽ വാക്സിന് സർക്കാർ നേരത്തേ അംഗീകാരം നൽകിയിരുന്നു. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവ സ്വീകരിച്ചവർക്ക് ബൂസ്റ്ററായി നേസൽ വാക്സിൻ സ്വീകരിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ന് മുതൽ കൊവിൻ ആപ്പിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും നേസൽ വാക്സിൻ ലഭ്യമാകും.എല്ലാവരും കരുതൽ വാക്സിൻ എടുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും കരുതൽ വാക്സിൻ എടുക്കുന്നതിനെ കൂടുതൽ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. അതേസമയം, രാജ്യത്തെ വിമാനത്താവളങ്ങളിൽ നാളെ മുതൽ കർശന പരിശോധന ആരംഭിക്കും. കൊവിഡ് നിരീക്ഷണം ശക്തമാക്കണമെന്നും ആരും ജാഗ്രത കൈവിടരുതെന്നും മാസ്‌ക് ധരിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് ആവശ്യപ്പെട്ടിരുന്നു.നിലവിൽ കൊവിഡ് ശക്തമായ ചൈനയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെയോ രോഗം ബാധിച്ച് മരിച്ചവരുടെയോ കൃത്യമായ കണക്ക് ലോകാരോഗ്യ സംഘടനയ്‌ക്ക് പോലും ലഭ്യമായിട്ടില്ല. അതേസമയം ചൈനയ്‌ക്ക് ആവശ്യമായ പനിയടക്കമുളള രോഗങ്ങൾക്കുളള മരുന്നുകൾ കയറ്റുമതി ചെയ്യാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു.