Connect with us

Life

വിവാഹം കഴിക്കാൻ സർക്കാർ പെണ്ണിനെ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് യുവാക്കളുടെ മാർച്ച്

Published

on

സോലാപൂര്‍ : വധുക്കളെ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ യുവാക്കളുടെ മാര്‍ച്ച്. സ്ത്രീപുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹാരാഷ്ട്രയിലെ സോലാപൂരില്‍ അവിവാഹിതരായ ചെറുപ്പക്കാരുടെ മാര്‍ച്ച് നടന്നത്.
സോലാപൂരില്‍ വധുവിനെ തേടുന്ന ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയായ ‘ ബ്രൈഡ് ഗ്രൂം മോര്‍ച്ച’ എന്ന സംഘടനയാണ് മാര്‍ച്ച് നടത്തിയത്. വിവാഹം കഴിക്കാന്‍ പെണ്ണിനെ വേണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മാര്‍ച്ചില്‍ പങ്കെടുത്ത അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പെണ്‍കുട്ടികളെ കണ്ടെത്തി നല്‍കണം എന്ന് ഇവര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
വിവാഹ വസ്ത്രം ധരിച്ച് കുതിരപ്പുറത്തേറിയാണ് നവവരന്മാരായി അണിഞ്ഞൊരുങ്ങി യുവാക്കള്‍ കളക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ബാന്‍ഡ് മേളവും ഒപ്പമുണ്ടായിരുന്നു.
സ്ത്രീ – പുരുഷാനുപാതം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണം എന്നും അതിനായി പെണ്‍ ഭ്രൂണ ഹത്യ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സ്ത്രീകള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഈ മാര്‍ച്ചിനെ ആളുകള്‍ പരിഹസിച്ചേക്കാം. പക്ഷെ സ്ത്രീപുരുഷാനുപാതത്തിലെ ഇടിവ് മൂലം വിവാഹ പ്രായമായ യുവാക്കള്‍ക്ക് വധുവിനെ ലഭിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് എന്നാണ് മാര്‍ച്ച് സംഘടിപ്പിച്ച ജ്യോതി ക്രാന്തി പരിഷത് സ്ഥാപകന്‍ രമേഷ് ഭാസ്‌കര്‍ പ്രതികരിച്ചത്.
1000 പുരുഷന്മാര്‍ക്ക് 889 സ്ത്രീ എന്ന നിലയിലാണ് മഹാരാഷ്ട്രയിലെ സ്ത്രീ – പുരുഷ അനുപാതം. പെണ്‍ ഭ്രൂണ ഹത്യയാണ് ഈ അന്തരത്തിന് കാരണമെന്നും സര്‍ക്കാരാണ് ഉത്തരവാദിയെന്നും രമേഷ് ആരോപിക്കുന്നുണ്ട്.

Continue Reading