HEALTH
അടുത്ത 40 ദിവസങ്ങൾ ഇന്ത്യയെ സംബന്ധിച്ച് നിർണായകം. കൊവിഡ് കേസുകളിൽ ജനുവരിയോടെ വർധനയുണ്ടാകും

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ ജനുവരിയോടെ വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്. അടുത്ത 40 ദിവസങ്ങൾ ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ് എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.
മുന്‍പ്, കിഴക്കൻ ഏഷ്യയിൽ കൊവിഡ് എത്തി ഏകദേശം 30-35 ദിവസങ്ങൾക്ക് ശേഷമാണ് പുതിയ തരംഗം ഇന്ത്യയിൽ എത്തുന്നത്. ചൈനയിൽ 10 ദിവസങ്ങൾക്ക് മുൻപാണ് പുതിയ കൊവിഡ് തരംഗം അതിന്‍റെ സർവ രൗദ്ര ഭാവവും പുറത്തെടുത്ത് വ്യാപിച്ചത്. അതുകൊണ്ട് തന്നെ ഇനി വരുന്ന 40 ദിവസങ്ങൾ ഇന്ത്യയെ സംബന്ധിച്ച് നിർണായകമാകും. ചൈനയും ദക്ഷിണ കൊറിയയും ഉൾപ്പെടെ ചില രാജ്യങ്ങളിൽ കൊവിഡ് -19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കെ, സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ഏത് സാഹചര്യത്തിനും തയ്യാറാകാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു.
എന്നിരുന്നാലും ഇന്ത്യയെ ബിഎഫ്7 കാര്യമായി ബാധിക്കില്ലെന്നാണ് വൈറോളജിസ്റ്റ് ഗംഗാദീപ് കംഗ് പറയുന്നത്. അണുബാധയുടെ തീവ്രതകുറവാണ്. കൊവിഡ് കേസുകളിൽ വർദ്ധനയുണ്ടാകുമെങ്കിലും മരണവും ആശുപത്രിവാസവും വളരെ കുറവായിരിക്കുമെന്നും അവർ പറഞ്ഞു. ഇന്ത്യയിൽ നേരത്തെ തന്നെ പല ഒമിക്രോൺ വകഭേദങ്ങളുമുണ്ട്. ഇവയിൽ നിന്നെല്ലാം ഇന്ത്യൻ ജനത പ്രതിരോധശക്തി ആർജിച്ച് കഴിഞ്ഞു. ഒപ്പം ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്‌സിനും നേടിയവരാണ്.
ഒമിക്രോൺ സബ് വേരിയന്‍റ് ബിഎഫ്7 ആണ് കേസുകളുടെ ഏറ്റവും പുതിയ വർദ്ധനവിന് കാരണം. ഈ ബിഎഫ്7 സബ് വേരിയന്‍റിന്‍റെ ട്രാൻസ്മിസിബിലിറ്റി വളരെ ഉയർന്നതാണെന്നും രോഗബാധിതനായ ഒരാൾക്ക് 16 പേർക്ക് കൂടി രോഗം ബാധിക്കാമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിലവിൽ പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 0.14 ശതമാനവും പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 0.18 ശതമാനവുമാണ്.
അതേസമയം, കേസുകളുടെ പുതിയ കുതിച്ചുചാട്ടത്തെ നേരിടാനുള്ള രാജ്യത്തിന്‍റെ തയ്യാറെടുപ്പ് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും യോഗം ചേർന്നു. പുതിയ കൊവിഡ് തരംഗത്തെ ചെറുക്കാൻ എല്ലാ രാജ്യങ്ങളും സജ്ജമാകണെന്നും കരുതൽ വാക്‌സിനുകൾ സ്വീകരിയ്ക്കാൻ എല്ലാവരും വേഗത്തിൽ തയ്യാറാകണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.