Crime
അരിയിൽ ഷുക്കൂർ വധക്കേസിൽ അഭിഭാഷകന്റെ ആരോപണം തള്ളി കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ അഭിഭാഷകന്റെ ആരോപണം തള്ളി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിചിത്രമായ ആരോപണമാണ് തനിക്കെതിരെ ഉയർത്തുന്നത്. ആരോപണത്തിന് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്നും, നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അഭിഭാഷകനായ ടി പി ഹരീന്ദൻ പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്നും, അഭിഭാഷകനെക്കൊണ്ട് മറ്റാരോ ആണ് ഇങ്ങനെ പറയിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പൊലീസ് അന്വേഷണത്തിൽ ഗൂഢാലോചന പുറത്തുവരും. ഒരു സംശയവും വേണ്ട. ആരെയും ചൂണ്ടിപ്പറയുന്നില്ല. പക്ഷേ ശരിയായ പേരിലെത്തണം അന്വേഷണം. കേസ് അന്വേഷിച്ച റിട്ടയർ ചെയ്ത ഡി വൈ എസ് പി നിഷേധിച്ചതോടെ ഈ ആരോപണം ശരിയല്ലെന്ന് തെളിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
.തനിക്കെതിരെ പല വ്യാജ കേസുകളും വന്നിട്ടുണ്ട്. ഒരു വേട്ടയാടലിനെതിരെയും ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷേ അതൊന്നും ഇത്ര വികാരമുണ്ടാക്കുന്ന കാര്യമല്ല. പക്ഷേ ഇത് തങ്ങൾ വിടില്ലെന്നും ഷുക്കൂറിന് വേണ്ടി നിയമപോരാട്ടം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. വിഷയം യു ഡി എഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷുക്കൂർ വധക്കേസിൽ സി പി എം നേതാവ് പി ജയരാജനെ രക്ഷിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്നായിരുന്നു മുൻ സി.എം.പി നേതാവുകൂടിയായ : ടി പി ഹരീന്ദ്രന്റെ ആരോപണം. അഭിഭാഷകന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കൃത്യമായ ഗുഢാലോചനയാണെന്നാണ് ലീഗിന്റെ നിലപാട്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയും അഭിഭാഷക സംഘടന കേരള ലോയേഴ്സ് ഫോറവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.