Connect with us

Crime

വിമാനത്തിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.

Published

on

ന്യൂഡൽഹി: ന്യൂയോർക്ക്- ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്ര (34) അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ സഹോദരിയുടെ വീട് ബംഗളുരുവിലാണ്. നേരത്തെ ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസിന് ഇയാൾ ബം​ഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു.സംഭവത്തിന് പിന്നാലെ മുംബയ് സ്വദേശിയും വ്യവസായിയുമായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർ​ഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര.നവംബർ 26ന് ന്യൂയോർക്ക്-‌ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ വച്ചാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. സംഭവം കഴിഞ്ഞ് ഏറെ വൈകി, ഈ ആഴ്‌ചയാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്.പിന്നാലെ 30 ദിവസത്തേക്ക് എയർ ഇന്ത്യ ശങ്കര് മിശ്രയെ വിമാനയാത്രയിൽ നിന്ന് വിലക്കി. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോ​ഗിക്കുകയും ചെയ്തു. മോശമായോ അനുചിതമായോ പെരുമാറുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ എയർലൈൻ ജീവനക്കാർ പരാജയപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുന്നറിയിപ്പ് നൽകി

Continue Reading