KERALA
പഴയിടം മോഹനൻ നമ്പൂതിരിയെ വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി വാസവൻ

കോട്ടയം: പഴയിടം മോഹനൻ നമ്പൂതിരിയെ വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ. മനുഷ്യ നന്മയും ധാർമികതയും ഉയർത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്നും സർക്കാർ അദ്ദേഹത്തിന് ഒപ്പമുണ്ടെന്നും വി എൻ വാസവൻ പറഞ്ഞു. സിപിഎം ഗൃഹ സന്ദർശനത്തിന്‍റെ ഭാഗമായാണ് മന്ത്രി പഴയിടത്തിന്‍റെ വീട്ടിൽ എത്തിയത്.
സർക്കാരുമായി പഴയിടം മോഹനൻ നമ്പൂതിരിക്ക് ഒരു പിണക്കവും ഇല്ല. കലോത്സവത്തിലേക്ക് തിരിച്ചു വരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസോടെ ചിന്തിക്കും എന്നാണ് കരുതുന്നതെന്നും വി എൻ വാസവൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, കലോത്സവത്തിലേക്ക് മടങ്ങിയെത്തുന്നതിനെ കുറിച്ചുള്ള തീരുമാനം മാറ്റുന്ന കാര്യത്തെ കുറിച്ച് പറയാൻ സമയമായിട്ടില്ലെന്നായിരുന്നു പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രതികരണം. വാസവനെ സർക്കാർ പ്രതിനിധിയായി കാണുന്നില്ലെന്നും ജ്യേഷ്ഠ സഹോദരനായാണ് കാണുന്നത് എന്നും പഴയിടം മോഹനൻ നമ്പൂതിരി കൂട്ടിച്ചേർത്തു.