Crime
അത്മഹത്യ ചെയ്ത ആശയുടെ മക്കളെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കള്‍.

തൃശൂര്‍: നാട്ടികയിലെ ഭര്‍തൃവീട്ടില്‍ അത്മഹത്യ ചെയ്ത ആശയുടെ മക്കളെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കള്‍. ഭര്‍ത്താവിന്റെ അനുജന്‍ മാനസികമായി പീഡിപ്പിരുന്നെന്ന് ആശ പറഞ്ഞായി സുഹൃത്തുക്കളും ആരോപിച്ചു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച കാര്യത്തില്‍ ചൈന്‍ഡ് ലൈന്‍ നിരീക്ഷണമുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ആശ ജീവനൊടുക്കിയ നാട്ടികയിലെ ഭര്‍തൃവീട്ടില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബന്ധുക്കള്‍. പാവറട്ടിയിലെ ജന്മവീട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായതിനെ പിന്നാലെ മക്കളെ ഭര്‍ത്താവായ സന്തോഷിന്റെ വീട്ടിലേക്ക് മടക്കിക്കൊണ്ടുപോയിരുന്നു. സന്തോഷിന്റെ സഹോദരനെതിരെ ആശയുടെ സുഹൃത്തുക്കളും രംഗത്തെത്തി. മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പാണ് ഭര്‍ത്താവിന്റെ സഹോദരന്‍ മാനസികമായി പീഡിപ്പിക്കുന്ന വിവരം ആശ വീട്ടുകാരോട് പറഞ്ഞത്.
ആശയുടെ ബന്ധുക്കളുടെ പരാതി പരിശോധിച്ച് തുടര്‍ നപടിയെടുക്കുമെന്ന് വലപ്പാട് പൊലീസ് പറഞ്ഞു. പന്ത്രണ്ട് വര്‍ഷം മുന്‍പാണ് പാവറട്ടി സ്വദേശിനി ആശയെ നാട്ടിക സ്വദേശി സന്തോഷ് വിവാഹം കഴിക്കുന്നത്. വിദേശത്ത് ജോലിയുള്ള സന്തോഷിന്റെ വീട്ടില്‍ മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് ആശയും പത്തും ആറും വയസ്സുള്ള കുട്ടികളും കഴിഞ്ഞിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുന്നിക്കുരു അരച്ചു കഴിച്ച് ആശ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു.
മൃതദേഹം ആശയുടെ വീട്ടിലേക്ക് കൊണ്ടു പോയാല്‍ മക്കളെ സംസ്‌കാര ചടങ്ങിനയക്കില്ലെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിലപാടെടുത്തതോടെയാണ് പ്രശ്‌നം രൂക്ഷമായത്. പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് മക്കളെ എത്തിച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. നിലവില്‍ അച്ഛനൊപ്പം തന്നെ കുട്ടികളെ തുടരാന്‍ അനുവദിക്കുന്ന ചൈല്‍ഡ് ലൈന്‍ വരും ദിവസങ്ങളില്‍ ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി പരിഹാര സാധ്യത തേടും.