NATIONAL
ശബരിമല സന്നിധാനത്തെ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടിയ കാണിക്കപ്പണം നാളേക്കും എണ്ണിത്തീരില്ല
ശബരിമല: ശബരിമല സന്നിധാനത്തെ പുതിയ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടിയ കാണിക്കപ്പണം നാളേക്ക് എണ്ണിത്തീരുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് നടപ്പാകില്ല. ഒരു ദിവസം മാത്രം ശേഷിക്കേ,മൂന്ന് വലിയ കൂനകളിൽ ഒരെണ്ണം മാത്രമാണ് എണ്ണിത്തീർന്നത്. ഇതിനുതന്നെ പത്തു ദിവസത്തോളം വേണ്ടിവന്നു.479 ജീവനക്കാരെ നിയോഗിച്ചെന്നാണ് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചത് . തുടക്കത്തിൽ 150ൽ താഴെ ജീവനക്കാരാണ് ഇതിനായി ഉണ്ടായിരുന്നത്.മകരം രണ്ട് മുതലാണ് എണ്ണാൻ ആരംഭിച്ചത്.നട അടച്ചശേഷം 700ലധികം ജീവനക്കാരാണ് നാണയം എണ്ണുന്നത്.ആധുനിക സംവിധാനമില്ലാത്തതും പരിചയസമ്പന്നരായ ജീവനക്കാരുടെ കുറവും പ്രശ്നമാണ്.
വെറ്റില, പാക്ക് എന്നിവയ്ക്കൊപ്പം നാണയവും നോട്ടും തുണിയിൽ കെട്ടി സമർപ്പിക്കുന്ന കാണിക്കപ്പൊന്ന് പഴയ ഭണ്ഡാരത്തിലാണ് കൂട്ടിയിട്ടിരുന്നത്. പാക്കും വെറ്റിലയും അഴുകി നോട്ട് ദ്രവിക്കുകയും കറപറ്റി നശിക്കുകയുമായിരുന്നു. എത്ര നോട്ടുകൾ നശിച്ചു എന്ന് ദേവസ്വം ബോർഡ് വെളിപ്പെടുത്തിയിട്ടില്ല.പുതിയ ഭണ്ഡാരത്തിലെ പൊടിയും മോശം ഭക്ഷണവും ജീവനക്കാരുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചിട്ടുണ്ട്.തുടർച്ചയായി 60 ദിവസം ഡ്യൂട്ടി നോക്കിയ ശേഷവും വീട്ടിൽ പോകാൻ കഴിയാത്തത് പലരെയും ഇത് സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
