Crime
ലാവ്ലിൻ കേസിൽ വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വെക്കണമെന്ന് സി.ബി.ഐ

ദില്ലി: എസ്എൻസി ലാവലിൻ കേസിൽ വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്ന് സുപ്രീംകോടതിയിൽ സിബിഐ അപേക്ഷ നൽകി. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് താൽക്കാലികമായി മാറ്റി വയ്ക്കണമെന്നാണ് ആവശ്യം. നാളെ കേസ് പരിഗണിക്കാനിരിക്കുമ്പോഴാണ് സിബിഐയുടെ നിർണായക നീക്കം.
ഒക്ടോബർ എട്ടിന് കേസിൽ വാദം കേട്ടപ്പോൾ, സിബിഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമർപ്പിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരുന്നു. രണ്ട് കോടതികൾ വെറുതെ വിട്ട കേസായതിനാൽ, ഇനി കേസിൽ വാദം കേൾക്കുമ്പോൾ ശക്തമായ വാദമുഖങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചത്തേക്ക് കൂടി കേസിൽ വാദം കേൾക്കുന്നത് നീട്ടിവച്ച്, കൂടുതൽ സമയം നൽകണമെന്ന് കോടതിയിൽ സിബിഐ അപേക്ഷ നൽകുന്നത്.