Crime
സി.എം രവീന്ദ്രൻ നിയമസഭയിലെ ഓഫീസിൽ. ഇന്ന് ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ല

തിരുവനന്തപുരം: ലൈഫ്‌മിഷൻ കോഴയിടപാടിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ് ലഭിച്ചിരിക്കെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ നിയമസഭയിലെ ഓഫീസിൽ. നിയമസഭയുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് രവീന്ദ്രന്റെ നിലപാട്. ഇന്ന് രാവിലെ 10മണിയ്‌ക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് സി.എം രവീന്ദ്രന് ഇ.ഡി നോട്ടീസ് നൽകിയത്. എന്നാൽ രവീന്ദ്രൻ തിരുവനന്തപുരത്ത് തന്നെ തങ്ങുകയാണ്.
ലൈഫ്‌മിഷനിൽ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപയുടെ കോഴയിടപാട് നടന്നതായും ഈ പണം ഗൂഢാലോചനയിൽ പങ്കുള്ളവർക്ക് ലഭിച്ചെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. മൂന്നു തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ട്. കോഴ നൽകിയെന്ന് വെളിപ്പെടുത്തിയ സ്വപ്ന സുരേഷുമായി ബന്ധമില്ലെന്ന നിലപാടാണ് സി.എം. രവീന്ദ്രൻ സ്വീകരിച്ചിരുന്നത്.