KERALA
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രീകൃഷ്ണന്റെ നിറവും പ്രവൃത്തിയുമാണെന്ന് എം.എം. മണി മണിക്ക് നല്ല വെളുത്ത നിറമായതുകൊണ്ട് ഞാന്‍ അതേക്കുറിച്ച് തര്‍ക്കിക്കുന്നില്ലെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രീകൃഷ്ണന്റെ നിറവും പ്രവൃത്തിയുമാണെന്ന് എം.എം. മണി . മണിയുടെ നിറം നല്ല വെളുത്തതായതുകൊണ്ട് സാരമില്ലെന്ന് തിരുവഞ്ചൂരിന്റെ മറുപടി.നിയമസഭയിലാണ് എം.എം. മണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഏറ്റുമുട്ടിയത്.
നിയമസഭയില്‍ ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ സംസാരിക്കുമ്പോഴാണ് മണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഹസിച്ചത്. നേരത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച തിരുവഞ്ചൂര്‍ പോലീസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസാരിച്ച മണി, തിരുവഞ്ചൂരിനെ വിമര്‍ശിക്കുകയായിരുന്നു. ഇതോടെ ക്രമപ്രശ്‌നം ഉന്നയിച്ച് തിരുവഞ്ചൂര്‍ എഴുന്നേറ്റു.
മണിയുടെ വാക്കുകള്‍ അതിരു കടക്കുകയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു, എനിക്ക് കറുത്തനിറമാണെന്ന്. അദ്ദേഹത്തിന് നല്ല വെളുത്ത നിറമായതുകൊണ്ട് ഞാന്‍ അതേക്കുറിച്ച് തര്‍ക്കിക്കുന്നില്ല, എന്നായിരുന്നു മണിയുടെ പരാമര്‍ശത്തിന് തിരുവഞ്ചൂരിന്റെ മറുപടി. മണിയുടെ പരാമര്‍ശങ്ങള്‍ സഭയിലെ രേഖകളില്‍നിന്ന് നീക്കംചെയ്യണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.