Connect with us

Crime

എനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്, ഇതിന് പിന്നിൽ ആരാണെന്ന് അറിയാം, സമയമാകുമ്പോൾ ഇക്കാര്യം പറയാം

Published

on

തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഇ പി ജയരാജൻ. കേരളം മുഴുവൻ ഒരുപോലെയാണെന്നും ഏത് ജില്ലയിൽ വേണമെങ്കിലും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും, സമയമാകുമ്പോൾ ഇക്കാര്യം പറയാമെന്നും ഇപി കൂട്ടിച്ചേർത്തു. വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്നും പരിശോധന നടത്തിയ ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്, ഇതിന് പിന്നിൽ ആരാണെന്ന് അറിയാം, സമയമാകുമ്പോൾ ഇക്കാര്യം പറയാം. പാർട്ടിയിൽ നിന്നാണോ ഗൂഢാലോചനയെന്ന് ഞാൻ പറയില്ല. ഞാന്‍ ആ റിസോര്‍ട്ടിന്റെ ആരുമല്ല. റിസോര്‍ട്ടിന്റെ എംഡിയോടോ സിഇഓയോടോ ഇക്കാര്യം ചോദിച്ച് നോക്കാം. അവിടെ ഒരു ആദായനികുതി വകുപ്പും റെയ്ഡിന് പോയിട്ടില്ല. മാദ്ധ്യമങ്ങള്‍ സൃഷ്ടിച്ച കഥയാണ് അത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയില്ല. നന്നായി വരുന്ന ഒരു സ്ഥാപനമാണ് അത്. അതിനെ നശിപ്പിക്കണമെന്നുണ്ടാകും. ഇൻകം ഉണ്ടെങ്കിലല്ലേ ഇൻകം ടാക്സ് വരൂ. ചില വ്യവസായങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന സഹായങ്ങള്‍ ഞാൻ ചെയ്യുന്നുണ്ട്. അത് രാഷ്ട്രീയം നോക്കിയല്ല. വ്യക്തികളും സ്ഥാപനങ്ങളും നാടിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ സഹായം നല്‍കുന്നതാണ്. പാര്‍ട്ടിയിലെ എല്ലാവരും പ്രതിരോധ ജാഥയുടെ ഭാഗമാണ്. പങ്കെടുക്കില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. കേരളം മുഴുവൻ ഒരുപോലെയാണ്. ഏത് ജില്ലയിൽ വേണമെങ്കിലും പങ്കെടുക്കാം.’- ഇ പി ജയരാജന്‍ പറഞ്ഞു.

Continue Reading