Crime
ലൈഫ് മിഷൻ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അനിൽ അക്കര.മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതം

ലൈഫ് മിഷൻ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അനിൽ അക്കര.മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതം
തൃശ്ശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ എം.എൽഎ അനിൽ അക്കര. അഴിമതിയുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വാർത്താ സമ്മേളനത്തിൽ അനിൽ പറഞ്ഞു. തദ്ദേശവകുപ്പ് മന്ത്രിക്ക് ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് 2020 ആഗസ്‌റ്റ് 20ന് തയ്യാറാക്കി നൽകി റിപ്പോർട്ട് അദ്ദേഹം പുറത്തുവിട്ടു
ലൈഫ് മിഷൻ സിഇഒ യു വി ജോസ്, മുൻ മന്ത്രി എ സി മൊയ്‌തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നൽകിയ കത്താണ് അനിൽ അക്കര പുറത്തുവിട്ടത്.യോഗത്തിൽ കോൺസൽ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും പങ്കെടുത്തുവെന്നും വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചുവെന്നും അനിൽ അക്കര ആരോപിച്ചു.റിപ്പോർട്ടിലെ നാലാമത്തെ പേജിൽ, 2019 ജൂലായ് മാസം 11ാം തീയതി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലെ തീരുമാനമനുസരിച്ചാണ് ലൈഫ് മിഷൻ സി.ഇ.ഒ ധാരണാപത്രം ഒപ്പിട്ടതെന്ന് വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ ഒരു സ്ഥലത്തും വടക്കാഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫ്ളാറ്റ് പണിയുന്നതെന്ന് പറയുന്നില്ല.
ലൈഫ് മിഷന്റെ ചെയർമാനായ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.ഒരു വിദേശ ഭരണാധികാരിയും മുഖ്യമന്ത്രിയും ചേർന്നാണ് വടക്കാഞ്ചേരി നഗരസഭയിൽ യൂണിടാക്കിനെ ചുമതലപ്പെടുത്താൻ തീരുമാനമെടുത്തത്. യുഎഇ കോൺസുലേറ്റുമായി ചേർന്നെടുത്ത ഈ തീരുമാനം പൂർണമായും എഫ് സി ആർ എ (വിദേശ സംഭാവന നിയന്ത്രണ നിയമം) ചട്ടങ്ങളുടെ ലംഘനമാണ്. മുഖ്യമന്ത്രിക്കോ, വിദേശ രാജ്യങ്ങളിലെ ഏജൻസികൾക്കോ ഇത്തരത്തിൽ തീരുമാനമെടുക്കാനുള്ള അധികാരമില്ല. ഈ യോഗം ചേർന്നത് ക്ളിഫ് ഹൗസിലാണെന്നുള്ളത് സ്വപ്‌നസുരേഷ് ഇ.ഡിക്ക് നൽകിയ മൊഴിയിലുണ്ട്. അതിന്റെ ചാറ്റാണ് പുറത്തുവന്നത്.ഗൂഢാലോചനയുടെ തുടക്കം ക്ളിഫ് ഹൗസിൽ നിന്നായിരുന്നു.സൂത്രധാരൻ മുഖ്യമന്ത്രിയാണ്. എല്ലാ നുണയും പൊളിക്കാനുള്ള തെളിവുകൾ കൈയിലുണ്ട്. എന്നാൽ അന്വേഷണ ഏജൻസികൾക്ക് തെളിവുകൾ കൈമാറില്ല. സുപ്രീം കോടതിക്ക് മുന്നിൽ ഹാജരാക്കുമെന്നും അനിൽ അക്കര പറഞ്ഞു.