Connect with us

KERALA

മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഡ്വ. പി. എം.എ സലാം തുടരും.

Published

on

കോഴിക്കോട് : മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഡ്വ. പി. എം.എ സലാമിനെ വീണ്ടും തെരഞ്ഞെടുത്തു, നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചു വരികയായിരുന്നു. ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് പി.എം.എ സലാമിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഡോ.എം.കെ.മുനീര്‍ എം.എല്‍.എയുടെ പേരും പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം പി.എം.എ സലാമിന് നറുക്ക് വീഴുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍  തുടരുമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. ജനറല്‍ സെക്രട്ടറിക്കും ട്രഷറര്‍ക്കും പുറമെ എട്ട് സംസ്ഥാന വൈസ് പ്രസിഡന്റുമാരെയും എട്ട് സംസ്ഥാന സെക്രട്ടറിമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്. 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റും 75 അംഗ പ്രവര്‍ത്തക സമിതിയും രൂപീകരിച്ചിട്ടുണ്ട്. 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന  കെ.പി.എ മജീദിനെ തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ഇതേ സീറ്റിനു വേണ്ടി രംഗത്തുണ്ടായിരുന്ന പി.എം.എ സലാമിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കുകയായിരുന്നു. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞതാണ് വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ അദ്ദേഹത്തിന് തുണയായത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പൂര്‍ണ്ണ പിന്തുണ പി.എം.എ സലാമിനായിരുന്നു. ഇ ടി മുഹമ്മദ് ബഷീര്‍, കെ.എം.ഷാജി തുടങ്ങിയ നേതാക്കളുടെ പിന്തുണ ഡോ.എം.കെ.മുനീറിനായിരുന്നു.
എം.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ പി.എം.എ സലാം മുസ്‌ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്, കെ.എം.സി.സി സൗദി അറേബ്യ കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ നിലയിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചപ്പോള്‍ മുസ് ലീം ലീഗ് വീട്ട് ഐ എന്‍ എല്ലിലേക്ക് പോയ പി എം എ സലാം ഒന്‍പത് വര്‍ഷക്കാലം ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ ഐ.എന്‍.എല്‍ ടിക്കറ്റില്‍ കോഴിക്കോട് രണ്ടാം നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് മുസ്‌ലീം ലീഗില്‍ തിരിച്ചെത്തുകയാണുണ്ടായത്. 

Continue Reading