Crime
താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നമാണെന്ന് മുസ്‌ലിംലീഗ് മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ലീഗ് ഇത്തരമൊരാവശ്യം ഉന്നയിച്ചത്

ന്യൂഡല്‍ഹി: ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നമാണെന്ന് മുസ്‌ലിംലീഗ് കോടതിയിൽ ചൂണ്ടിക്കാട്ടി. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരായ ഹര്‍ജിയില്‍ ബി.ജെ.പി.യെ കക്ഷി ചേര്‍ക്കണമെന്ന് മുസ്‌ലിംലീഗ് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. മതങ്ങളുടെ പേര് ഉപയോഗിക്കുന്ന ശിവസേനയും ശിരോമണി അകാലിദളും ഉള്‍പ്പെടെ 27 രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ലീഗ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
മത ചിഹ്നം ഉപയോഗിക്കുന്ന മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളെ കേസില്‍ കക്ഷി ചേര്‍ക്കാത്തതിനാല്‍ ഹര്‍ജി തള്ളണമെന്ന് ലീഗിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. മതപരമായ പേരുകളും ചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ആ ഹര്‍ജിയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിക്കുന്നത് മേയ് മാസത്തിലേക്ക് സുപ്രീംകോടതി മാറ്റി.
മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യദ് വസീം റിസ്വി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ലീഗിന്റെ അഭിഭാഷകര്‍ ഈ ആവശ്യമുന്നയിച്ചത്. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും കേസില്‍ കക്ഷി ചേര്‍ക്കാന്‍ റിസ്വിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്, ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്നീ രാഷ്ട്രീയപ്പാര്‍ട്ടികളെ മാത്രമാണ് റിസ്വി കേസില്‍ കക്ഷി ചേര്‍ത്തത്.