Crime
അയോഗ്യതാ ഭീഷണിക്കിടെ രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിൽ എത്തി

ന്യൂഡൽഹി: മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ എംപി സ്ഥാനത്തു നിന്നുള്ള അയോഗ്യതാ ഭീഷണിക്കിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റ് മന്ദിരത്തിൽ എത്തി. അയോഗ്യത സംബന്ധിച്ച് സ്പീക്കറുടെ നിർദേശപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം വരാത്തിടത്തോളം കാലം എംപി എന്ന പദവിയിൽ അദ്ദേഹം സാങ്കേതികമായി തുടരുന്നുണ്ട്.
രാഹുൽ പാർലമെന്റിൽ എത്തിയെങ്കിലും ലോക്സഭയിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് സഭാ നടപടികൾ നിർത്തിവച്ചിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടിയതിനെ തുടർന്നാണ് ലോക്സഭ 12 മണിവരെ നിർത്തിവച്ചത്.
സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചതിനാൽ രാഹുൽ ഗാന്ധി പാർലമെന്റ് നടപടികളിൽ പങ്കെടുക്കില്ലെന്നും അപ്പീലുമായി മേൽക്കോടതികളെ സമീപിക്കുമെന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.