HEALTH
കളമശേരി മെഡിക്കൽ കോളേജിൽ രോഗി ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെയെന്ന് നഴ്സിങ് ഓഫിസറുടെ ശബ്ദ സന്ദേശം പുറത്ത് വന്ന സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്സിജൻ കിട്ടാതെയെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള നഴ്സിങ് ഓഫിസർ ജലജാദേവിയുടെ ശബ്ദ സന്ദേശമെന്ന പേരിലാണ് ഇത് പുറത്തുവന്നത്. മെഡിക്കൽ കോളെജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഹാരിസ് ജൂലൈ 20 നാണ് മരിച്ചത്.ഇയാളുടെ മരണം രോഗം മൂലമല്ലെന്നും വെന്‍റിലേറ്ററിന്‍റെ ട്യൂബ് ശരിയായ നിലയിൽ ആയിരുന്നതിനാലാണെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്.
ഹാരിസിന്‍റെ മരണകാരണം വെന്‍റിലേറ്റർ ട്യൂബുകൾ മാറി കിടന്നതാണെന്നും, എന്നാൽ ആശുപത്രി അധികൃതർ ഈ വിവരം ഒതുക്കിതീർത്തതായും സന്ദേശത്തിൽ പറയുന്നു. ചികിത്സയിലുള്ള പല രോഗികളുടെയും മാസ്കുകൾ ശരിയല്ലാത്ത രീതിയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഡോക്ടർമാർ ഇത് റിപ്പോർട്ട് ചെയ്തിട്ടും അധികൃതർ നടപടി എടുത്തിട്ടില്ലെന്നും ശബ്ദസന്ദേശത്തിലുണ്ട്.കേന്ദ്രസംഘത്തിന്‍റെ സന്ദർശനത്തിനു മുന്നോടിയായി നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പിൽ നഴ്സിങ് ഓഫിസർ കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഗുരുതരമായ പരാമർശങ്ങളുള്ളത്. വാർഡുകളിൽ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ചില നഴ്സുമാരുണ്ടെന്നും അവർക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഇത്തരമൊരു ശബ്ദ സന്ദേശം നൽകിയതെന്നുമാണ് നഴ്സിങ് ഓഫിസർ ജലജാദേവിയുടെ വിശദീകരണം.വെന്‍റിലേറ്റർ ട്യൂബുകൾ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്ന വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ നിയമനടപടിക്കൊരുങ്ങുകയാണ്. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു. തുടർന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടത്.