KERALA
അരിക്കൊമ്പനാണെന്ന് വിചാരിച്ചാകും ബി ജെ പി പിടിച്ചിട്ടുണ്ടാകുക, ഇത് കുഴിയാനയാണെന്ന് കാണാൻ പോകുന്നേയുള്ളൂ

കോഴിക്കോട്: അനിൽ കെ ആന്റണി ബി ജെ പിയിൽ അംഗത്വമെടുത്തതിനെ പരിഹസിച്ച് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. അരിക്കൊമ്പനാണെന്ന് വിചാരിച്ചാകും ബി ജെ പി പിടിച്ചിട്ടുണ്ടാകുക, ഇത് കുഴിയാനയാണെന്ന് കാണാൻ പോകുന്നേയുള്ളൂവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അച്ഛൻ എ കെ ആന്റണിയുടെ അറിവോടെയാണ് അനിൽ ആന്റണി ബി ജെ പിയിലേക്ക് പോയതെന്നും അടുത്തതായി പോകാനുള്ള പ്രമുഖ നേതാവ് കെ സുധാകരൻ ആണെന്നും സി പി എം നേതാവ് എം വി ജയരാജൻ ഇന്നലെ പരിഹസിച്ചിരുന്നു. ഇതിനോടും കെ സുധാകരൻ പ്രതികരിച്ചു.
‘എം വി ജയരാജനാണല്ലോ എന്റെ രാഷ്ട്രീയ ഗുരു. അദ്ദേഹമാണല്ലോ തീരുമാനിക്കുന്നത്. അദ്ദേഹം പറയുന്നതുപോലെ അനുസരിക്കാനല്ലേ എനിക്ക് മാർഗമുള്ളൂ. വായിൽ തോന്നിയത് വിളിച്ചുപറയുന്ന, കോതക്ക് പാട്ടെന്ന് പറയുന്ന ജയരാജന്റെ വാക്കുകളോട് പ്രതികരിക്കുന്നത് തന്നെ എനിക്ക് നാണക്കേടാണ്.’ -സുധാകരൻ വ്യക്തമാക്കി.
അനിൽ ആന്റണി ബി ജെ പിയിലേക്ക് പോയതിന് എ കെ ആന്റണിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടെങ്കിൽ അത് അപലപനീയമാണെന്നും പാർട്ടി വിരുദ്ധമാണെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിന് വേണ്ടി ആന്റണി ചെയ്ത ത്യാഗപൂർണമായ പ്രവർത്തനം മറക്കാൻ പറ്റാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു