HEALTH
15.5 കോടി വില വരുന്ന ഇന്‍ജക്ഷന്‍ നിലമ്പൂരിലെ കുഞ്ഞിന് സൗജന്യമായി നല്‍കി മരുന്ന് നിര്‍മ്മാണ കമ്പനി

കോഴിക്കോട്: ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വിലയുള്ള മരുന്നുകളിലൊന്നായ സോള്‍ഗെന്‍സ്മ ഇന്‍ജക്ഷന്‍ മരുന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ രോഗിയായ പെണ്‍കുട്ടിക്ക് നല്‍കി. ഒറ്റ ഡോസിന് 15.592 കോടി രൂപ (21.25 ലക്ഷം അമേരിക്കന്‍ ഡോളര്‍)വിലയുള്ള മരുന്നാണ് നിലമ്പൂര്‍ സ്വദേശികളായ ദമ്പതിമാരുടെ 23 മാസം പ്രായമുള്ള കുട്ടിക്ക് നല്‍കിയത്. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ വെച്ച് തികച്ചും സൗജന്യമായാണ് മരുന്ന് നല്‍കിയത്.
ഗുരുതര ജനിതകപ്രശ്നങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് സോള്‍ഗെന്‍സ്മ (zolgensma) എന്ന ഇന്‍ജക്ഷന്‍ മരുന്ന്. ഈമാസം ഏഴിനാണ് ടൈപ്പ് 2 സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുഞ്ഞിന് മരുന്ന് കുത്തിവെച്ചത്. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലാണ് കുട്ടിയെ ചികിത്സിച്ചത്.രണ്ടുവയസ് വരെ മാത്രമേ ഈ മരുന്ന് കുത്തിവെക്കാന്‍ ഫെഡറല്‍ ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയിട്ടുള്ളൂ.
പുതിയ മരുന്നിന് കഴിഞ്ഞവര്‍ഷം മേയ് മാസത്തിലാണ് അനുമതിയായത്. ഇന്ത്യയില്‍ ഇതുവരെ അഞ്ചുകുഞ്ഞുങ്ങളിലേ ഈ മരുന്ന് പ്രയോഗിച്ചിട്ടുള്ളൂ. ഒരാളില്‍ ഒറ്റത്തവണയേ പ്രയോഗിക്കാവൂവെന്നാണ് നിബന്ധന.
രോഗം നേരത്തേ കണ്ടെത്തുന്നതാണ് എസ്എംഎ തകരാറുള്ള കുട്ടികളെ സംബന്ധിച്ച് ഏറ്റവുംപ്രധാനം. ഇന്ത്യയില്‍ മൂന്നുകുട്ടികളില്‍ മരുന്ന് പ്രയോജനപ്പെട്ടിട്ടുണ്ടെന്നും പത്തുവര്‍ഷംനീണ്ട ഗവേഷണത്തിനുശേഷമാണ് ഈ മരുന്ന് വികസിപ്പിച്ചതെന്നും ഡോയ സ്മിലു മോഹന്‍ലാല്‍ പറയുന്നു.
അഞ്ചുവര്‍ഷംമുമ്പ് മരുന്ന് കണ്ടെത്തിയെങ്കിലും കഴിഞ്ഞ വര്‍ഷമാണ് പ്രയോഗിക്കാന്‍ അനുമതിയായത്. ശിശുരോഗവിദഗ്ധരുടെ അന്താരാഷ്ട്രസംഘടന മുഖേനെ സ്വിറ്റ്സര്‍ലന്‍ഡ് കേന്ദ്രമായുള്ള ബഹുരാഷ്ട്ര മരുന്നുകമ്പനിയുമായി ഡോ. സ്മിലുവും മിംസ് ആശുപത്രി അധികൃതരും ബന്ധപ്പെട്ടതിന്റെ ഫലമായാണ് മരുന്ന് കോഴിക്കോടും എത്തിയത്.
അതേസമയം, മരുന്ന് സൗജന്യമായി നല്‍കിയ മരുന്നുകമ്പനിയുടെ പേരുവെളിപ്പെടുത്തരുതെന്ന് കമ്പനിയും ഡോക്ടറുമായി കരാറുണ്ട്. ഉത്പാദകരായ ആഗോള വമ്പന്‍ മരുന്നുകമ്പനിയുടെ ദീനാനുകമ്പാ പദ്ധതിപ്രകാരം സൗജന്യമായാണ് കുട്ടിക്ക് മരുന്നു കൊടുത്തത്. കരുണാര്‍ദ്രമായ ഉപയോഗത്തിനായി അവര്‍ ലോകത്തെ 100 കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍മുഖേന മരുന്നുനല്‍കിയപ്പോള്‍ കോഴിക്കോട്ടെ കുഞ്ഞും ഉള്‍പ്പെടുകയായിരുന്നു