KERALA
വന്ദേഭാരത് എക്‌സ്പ്രസ് ഇന്ന് ഉച്ചയോടെ എത്തും. പ്രത്യേകതകൾ ഇവയൊക്കെയാണ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഏപ്രില്‍ 24ന് സംസ്ഥാനത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യും. ആദ്യ സര്‍വ്വീസ് തിരുവനന്തപുരത്തിനും ഷൊര്‍ണ്ണൂരിനും ഇടയിലായിരിക്കും. കേരളത്തിനു രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രഖ്യാപനവും മോദി നടത്തുമെന്നാണ് വിവരം.
തിരുവനന്തപുരം-കണ്ണൂര്‍, തിരുവനന്തപുരം-മംഗലാപുരം എന്നിവയിലേതെങ്കിലും ഒരു സ്ഥിരം സര്‍വീസ് വരും ദിവസങ്ങളില്‍ തീരുമാനിക്കും. വന്ദേഭാരത് സര്‍വീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. ആദ്യ സര്‍വീസിനുള്ള വന്ദേഭാരത് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്നലെ പുറപ്പെട്ടു. ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചേരും.
ജൂണ്‍ മാസത്തോടെ വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തില്‍ ഓടി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എക്‌സപ്രസ് ടെയിനുകളുടെ വേഗത 130 മുതല്‍ 160 വരെ ആക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ലിഡാര്‍ സര്‍വെ നടത്തും. ഈ മാസം അവസാനം ഹെലികോപ്റ്റര്‍ മുഖേനയാണ് ലിഡാര്‍ സര്‍വേ നടത്തുക.
വന്ദേഭാരത് ടെയിനിന്റെ പ്രത്യേകതകൾ :
∙ ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമിച്ച ട്രെയിൻ സെറ്റുകളാണ്.
∙ 52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ കഴിയും.
∙ മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമില്ല.
∙ പൂർണമായും എസി.
∙ ഓട്ടമാറ്റിക് ഡോറുകൾ.
∙ എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപ്പെടെ മികച്ച സീറ്റുകൾ.
∙ ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം,
∙ എൽഇഡി ലൈറ്റിങ്.
∙ വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികൾ.