Gulf
സി എച് സെന്ററുകൾ കേരളത്തിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ മഹനീയ മാതൃക

തലശ്ശേരി : ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും കേരളത്തിലെ സാമൂഹ്യ സംഘടനകൾ കാണിക്കുന്ന ആത്മാർതമായ ഇടപെടലുകൾ മഹത്തരമാണെന്നും ഇതിൽ തന്നെ ഗവ ആശുപത്രികൾ കേന്ദ്രീകരിച്ചു സി എച് സെന്ററുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏവർക്കും മാതൃകാപരമാണെന്നും കേരളാ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. തലശ്ശേരി സി എച് സെന്റർ സംഘടിപ്പിച്ച പെരുന്നാൾ സൗഹൃദ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യർ തമ്മിൽ സാഹോദര്യവും സ്നേഹവും ഊട്ടിയുറപ്പിക്കുന്ന സ്നേഹസംഘമങ്ങൾ വർധിപ്പിക്കണമെന്നും ചരിത്രത്തെ വളച്ചൊടിച്ചു ജനങ്ങളിൽ ഭീതിയും വിഭാഗീയതയും പരത്തുന്ന ദുശ്ശക്തികളെ ഒറ്റപ്പടുത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
തലശ്ശേരി ഗവ ആശുപത്രി പരിസരത്തു വെച്ചു സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ സി എച് സെന്റർ വൈസ് ചെയർമാൻ ഡോ സി പി നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. അഡ്വ കെ എ ലത്തീഫ്, ഡോ എ എം സഹാബുദ്ദീൻ, പി പി അബൂബക്കർ പാർക്കോ, എ കെ അബൂട്ടി ഹാജി, റഹ്ദാദ് മൂഴിക്കര, കവുള്ളതിൽ കുഞ്ഞിമ്മൂസ, അബ്ദുൽ ഗഫൂർ ഉമ്മർ, എൻ പി മുനീർ, റഷീദ് കരിയാടാൻ, ഷാനിദ് മേക്കുന്ന്, എൻ മഹമൂദ് പ്രസംഗിച്ചു. ഗവ ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തലശ്ശേരി സി എച് സെന്റർ ചെയർമാൻ സൈനുൽ ആബിദീൻ സഫാരി സ്പോൺസർ ചെയ്ത പെരുന്നാൾ ഭക്ഷണ വിതരണം നടത്തി. വളണ്ടിയർ വിങ്ങിന്റെ പ്രവർത്തകർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.