Crime
ലാവ്‌ലിൻ കേസ് വീണ്ടും മാറ്റി വാദം കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് സി.ടി രവികുമാർ പിന്മാറി
ന്യൂഡൽഹി – മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്.എൻ.സി ലാവ്‌ലിൻ കേസ് വീണ്ടും മാറ്റി സുപ്രീംകോടതി. കേസിൽ വാദം കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് സി.ടി രവികുമാർ പിന്മാറിയ സാഹചര്യത്തിലാണിത്.
ഇന്ന് കേസ് പരിഗണനക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ താൻ കേസ് കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സി.ടി രവികുമാർ പറഞ്ഞു. താൻ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ശേഷം അദ്ദേഹം പിന്മാറുകയായിരുന്നു. കോടതിയിൽ 21-ാമത്തെ കേസായാണ് ഇന്ന് ലാവ്‌ലിൻ കേസ് ലിസ്റ്റ് ചെയ്തിരുന്നത്. എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരുടെ ബെഞ്ചിന് മുന്നിലാണ് കേസ് എത്തിയത്.
നേരത്തെ കേസ് പരിഗണിക്കുന്നതിന് സമയം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസിന്റെ അഭിഭാഷകൻ സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നല്കിയിരുന്നു. താൻ അസുഖ ബാധിതനാണെന്നും കേസ് പരിഗണിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹരജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജിയുമാണ് സുപ്രീം കോടതിയ്ക്ക് മുന്നിലുള്ളത്. അഞ്ചുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് കേസ് ഇന്ന് വീണ്ടും കോടതി പരിഗണിച്ചത്. 34-ാം തവണയാണ് കേസ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്.
