KERALA
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു

തൃശൂർ: തിരുവില്വാമലയിൽ എട്ടുവയസുകാരിയുടെ മരണം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചെന്ന് സംശയം. പട്ടിപ്പറമ്പ് കുന്നത്തുവീട്ടിൽ മുൻ പഞ്ചായത്തംഗം അശോക് കുമാർ- സൗമ്യ ദമ്പതികളുടെ ഏകമകളായ ആദിത്യശ്രീ ആണ് മരിച്ചത്. ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ചാർജ് ചെയ്യാൻ വച്ചിരിക്കുകയായിരുന്ന മൊബൈലിൽ വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വീട്ടുകാർ പറയുന്നത്. വീടിനുള്ളിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. സംഭവത്തിൽ പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.