KERALA
അരിക്കൊമ്പനെ വടം കെട്ടാനുള്ള അവസാന ശ്രമത്തിൽ

ചിന്നക്കനാൽ: ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം നിർണായകഘട്ടത്തിലേക്ക്. അഞ്ചു മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ കാലുകൾ വടംകൊണ്ട് കെട്ടാൻ ശ്രമം തുടരുന്നു. ലോറിയിൽ കയറ്റുന്നതിനു മുന്നോടിയായാണ് കാലുകൾ കെട്ടുന്നത്. കാലുകൾ കെട്ടിയെങ്കിലും അരിക്കൊമ്പൻ ഊരിമാറ്റി. വീണ്ടും വടംകൊണ്ടു കാലുകൾ കെട്ടാൻ ദൗത്യസംഘം ശ്രമം തുടരുന്നു. ലോറിയിൽ കയറ്റുന്നതിനു മുന്നോടിയായി ആനയുടെ കണ്ണുകളും കറുത്ത തുണികൊണ്ടു കെട്ടും. അരിക്കൊമ്പൻ
അഞ്ചു തവണ മയക്കുവെടിയേറ്റിട്ടും അരിക്കൊമ്പൻ മയങ്ങിത്തുടങ്ങിയിട്ടില്ല. 4 കുങ്കിയാനകളും അരിക്കൊമ്പനു സമീപം അണിനിരന്നിട്ടുണ്ട്. കുങ്കിയാനകള്‍ അടുത്തേക്ക് എത്തുമ്പോള്‍ അരിക്കൊമ്പന്‍ നടന്നു നീങ്ങുന്ന സ്ഥിതിയാണുള്ളത്. ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. നാല് കുങ്കിയാനകളുടെയും സഹായത്തോടെ ലോറിയില്‍ കയറ്റി അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നാണ് വിവരം.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. ആദ്യ ഡോസ് മയക്കുവെടി വച്ചെങ്കിലും ആന മയങ്ങി തുടങ്ങിയിരുന്നില്ല. തുടർന്നാണ് രണ്ടാമത്തെ ഡോസ് മയക്കുവെടി വച്ചത്. ആദ്യ മയക്കുവെടി 11.54നും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് 12.43നുമാണ് നൽകിയത്. എന്നിട്ടും ആന മയങ്ങിതുടങ്ങാത്തതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും മയക്കുവെടിവച്ചു.